ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; നെസ്‍ലെയുടെ ചില ശിശു ഭക്ഷണ ഉത്പ്പനങ്ങൾക്ക് യുഎഇ വിപണിയിൽ നിരോധനം

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധനമുണ്ട്

ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് നെസ്‍ലെയുടെ ചില ശിശു ഭക്ഷണ ഉത്പ്പന്നങ്ങള്‍ യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധനമെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. ആഗോളതലത്തില്‍ നെസ്‍ലെയുടെ ചില ശിശുഭക്ഷണ ഉത്പ്പന്നങ്ങളില്‍ ബാക്ടീരിയ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

നിശ്ചിത ബാച്ചില്‍പെട്ട ഉത്പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. നെസ്‍ലെയുടെ ജനപ്രിയ ബ്രാന്‍ഡുകളായ നാന്‍, ഇസോമില്‍, അല്‍ഫാമിനോ എന്നിവയുടെ ചില ബാച്ചുകളാണ് സുരക്ഷാ കാരണങ്ങളാല്‍ നീക്കം ചെയ്യുന്നത്.

ഉത്പ്പനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളില്‍ അപകടകാരിയായ 'ബാസില്ലസ് സെറിയസ്' എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. കുഞ്ഞുങ്ങളില്‍ വിഷബാധ ഉണ്ടാക്കാന്‍ ഇത്തരം ബാക്ടീരിയകള്‍ക്ക് കഴിയുമെന്നാണ് ആരോഗ്യ വിഗദ്ധര്‍ പറയുന്നത്. ഇതുവരെ യുഎഇയില്‍ ഈ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധനമുണ്ട്. അതിനിടെ നെസ്‍ലെയുടെ മറ്റു ഉത്പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

Content Highlights: Some Nestlé baby food products have been banned from the UAE market after authorities detected bacterial presence during safety inspections. The decision was taken to protect consumer health, particularly infants. Officials have advised consumers to avoid the affected products while further checks and actions are carried out.

To advertise here,contact us