'ഇത് പെർഫക്ട് ടൈം'; പ്രതിസന്ധി ഘട്ടത്തിൽ ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ചതിൽ പ്രതികരിച്ച് ഇന്ത്യൻ പ്രവാസി

ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്

യുഎഇയിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ജീവിതം കെട്ടിപ്പടുക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്ത ഒരു ഇന്ത്യൻ പ്രവാസിയെ തേടി ഒടുവിൽ ആ സന്തോഷവാർത്ത എത്തി. ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ 1,00,000 ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) സമ്മാനം സ്വന്തമായിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ജാവീദ് രാജ്ഭാരിയാണ് ആ ഭാ​ഗ്യവാൻ. 45-കാരനായ മുഹമ്മദ് ജാവീദ് യുഎഇയിൽ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. ഏറ്റവും അനുയോജ്യമായ സമയത്താണ് തന്നെ ഭാ​ഗ്യം തേടിയെത്തിയതെന്നും മുഹമ്മദ് ദാവീദ് പ്രതികരിച്ചു. താൻ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സമയത്താണ് രാജ്ഭാരി ബി​ഗ് ടിക്കറ്റ് വിജയിയായതെന്നതാണ് മറ്റൊരു അത്ഭുതം.

19 വർഷമായി യുഎഇയിൽ താമസിക്കുന്ന മുഹമ്മദ് ജാവീദ് രാജ്ഭാരി വർഷങ്ങളായി ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഒടുവിൽ 328760 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് രാജ്ഭാരിയെ ഭാ​ഗ്യം തുണച്ചത്. നിലവിൽ റാസൽഖൈമയിലാണ് രാജ്ഭാരി താമസിക്കുന്നത്. കരിയറിന്റെ ആദ്യ എട്ട് വർഷം ദുബായിലായിരുന്നു. കുടുംബം ആദ്യം രാജ്ഭാരിക്കൊപ്പം യുഎഇയിൽ ഉണ്ടായിരുന്നു. എങ്കിലും ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം പിന്നീട് കുടുംബം നാട്ടിലേക്ക് മടങ്ങി.

തികച്ചും അപ്രതീക്ഷിതമായാണ് രാജ്ഭാരിയെ തേടി ഈ വിജയം എത്തിയത്. 'എനിക്ക് ശരിക്കും അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ഇതൊരു നല്ല വാർത്തയാണ്', ആ നിമിഷം ഓർത്തെടുത്തുകൊണ്ട് രാജ്ഭാരി ഒരു ചെറു ചിരിയോടെ പറഞ്ഞു. 'ആദ്യം ഇതൊരു തമാശയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ബിഗ് ടിക്കറ്റിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോഴാണ് ഇത് സത്യമാണെന്ന് എനിക്ക് മനസ്സിലായത്', രാജ്ഭാരി കൂട്ടിച്ചേർത്തു.

ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പാണ് രാജ്ഭാരി ബിഗ് ടിക്കറ്റ് യാത്ര ആരംഭിച്ചത്. ആദ്യം വല്ലപ്പോഴും മാത്രം ടിക്കറ്റുകൾ എടുത്തിരുന്ന രാജ്ഭാരി പിന്നീട് പതിവായി ടിക്കറ്റെടുക്കാൻ തുടങ്ങി. വർഷങ്ങൾ നീണ്ട ഈ കാത്തിരിപ്പിന് ശേഷം രാജ്ഭാരിക്ക് ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമായിരിക്കുന്നു. മാത്രമല്ല, ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

'ഇത് വളരെ സന്തോഷകരമാണ്. ഈ തുക എനിക്ക് മാത്രമുള്ളതാണ്. ഏറ്റവും കൃത്യമായ സമയത്താണ് ഇത് ലഭിച്ചത്', രാജ്ഭാരി പറഞ്ഞു. നിലവിൽ രാജ്ഭാരി ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടലിന്റെ ഘട്ടത്തിലാണ്. അതിനാൽ തന്നെ പുതിയൊരു കരിയറിനായുള്ള തീവ്രശ്രമത്തിലാണ് രാജ്ഭാരി.

ലഭിച്ച തുക ധൂർത്തടിക്കാതെ കൃത്യമായ ഒരു പദ്ധതിയിലൂടെ വിനിയോ​ഗിക്കുകയാണ് ഇനി രാജ്ഭാരിക്ക് മുന്നിലുള്ള ലക്ഷ്യം. തന്റെ ഭാര്യയോടൊപ്പം ചേർന്ന് ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങാനും തുകയുടെ ഒരു ഭാഗം അമ്മയെ സഹായിക്കാനായി മാറ്റിവെക്കാനും കുറച്ച് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകാനുമാണ് രാജ്ഭാരി ഉദ്ദേശിക്കുന്നത്.

ബി​ഗ് ടിക്കറ്റ് വിജയത്തിനായി ശ്രമിച്ചു കൊണ്ടേയിരിക്കുക. ഇതെല്ലാം ഭാഗ്യത്തിന്റെ കളിയാണ്. എപ്പോഴെങ്കിലും നിങ്ങളുടെ സമയവും തെളിയും. രാജ്ഭാരി വ്യക്തമാക്കി.

Content Highlights: An Indian expat shared his emotional response to winning the Big Ticket, stating that it came at the perfect time amidst a personal crisis. The win has brought hope and relief, offering financial stability during a challenging period. The expat emphasized how luck can turn around situations, especially in tough times.

To advertise here,contact us