അമിത ശബ്ദമുണ്ടാക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; നടപടി നേരിടേണ്ടി വരുമെന്ന് അബുദബി പൊലീസ്

റോഡിലെ മറ്റ് വാഹന യാത്രക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിനും ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകുന്നുണ്ട്

അമിത ശബ്ദമുണ്ടാക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്. ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കിയാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറുന്ന പശ്ചാത്തലത്തിലാണ് ഇത്തരക്കാര്‍ക്കെതിരായ നിയമ നടപടി ശക്തമാക്കുകയാണ് അബുദബി പൊലീസ്. യുവാക്കളാണ് കൂടുതലും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാഹനങ്ങളുടെ എന്‍ജിനിലും ഘടനയിലും അനധികൃതമായി മാറ്റങ്ങള്‍ വരുത്തി അമിത ശബ്ദമുണ്ടാക്കുന്നതും അപകടകരമായ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും അസൗകര്യം സൃഷ്ടിക്കുന്നതായി പൊലീസ് ചൂണ്ടികാട്ടി.

റോഡിലെ മറ്റ് വാഹന യാത്രക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിനും ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകുന്നുണ്ട്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് പുറമെ ലൈസന്‍സിന്‍ 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

എന്‍ജിനിലോ ചേസിസിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അബുദബി പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി 10,000 ദിര്‍ഹം വിടുതല്‍ ഫീസായി അടക്കേണ്ടി വരും. മൂന്ന് മാസത്തിനുള്ളില്‍ ഫീസ് അടച്ച് വാഹനം തിരിച്ചെടുത്തില്ലെങ്കില്‍ അവ ലേലത്തില്‍ വില്‍ക്കും. ജനവാസ മേഖലകളില്‍ ശല്യം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Abu Dhabi Police has warned drivers against causing excessive noise with their vehicles, stating that they will face legal action if caught. The authorities emphasized that such disturbances will not be tolerated, and offenders could face penalties as part of ongoing efforts to maintain public order.

To advertise here,contact us