റോഡിൽ തീ പിടിക്കുന്ന രീതിയിൽ സൂപ്പർ കാർ ഓടിച്ചു; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്

റോഡിലെ അച്ചടക്കം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു

റോഡിന് തീ പിടിക്കുന്ന രീതിയിൽ പ്രവർത്തിച്ച സൂപ്പര്‍ കാര്‍ പിടിച്ചെടുത്ത് ദുബായ് പൊലീസ്. കാറിന്റെ ഇരട്ട എക്‌സോസ്റ്റുകളില്‍ നിന്ന് വലിയ ശബ്ദത്തോടെ തീ പുറന്തള്ളുകയും അമിതവേഗതയില്‍ വാഹനം ഓടിക്കുകയും ചെയ്തതിനാണ് നടപടി. റോഡിലെ അഭ്യാസപ്രകടനം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി.

എക്‌സ്‌ഹോസ്റ്റില്‍ നിന്ന് തീജ്വാലകള്‍ തുപ്പി, കാതടപ്പിക്കുന്ന ശബ്ദത്തില്‍ ചീറിപ്പായുന്ന ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യത്തില്‍ പ്രചരിച്ചത്. തൊട്ട് പിന്നാലെ ദുബായ് പൊലീസിന്റെ നടപടിയും വന്നു. വാഹനം കസ്റ്റഡിയില്‍ എടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. വാഹനം വിട്ടുകിട്ടുന്നതിന് 10,000 ദിര്‍ഹം ഇനിയും വഹന ഉടമ പിഴ അടക്കണം. അമിത വേഗത, എക്‌സ്‌ഹോസ്റ്റില്‍ നിന്ന് തീജ്വാലകള്‍ വരുത്തല്‍, അമിതമായ ശബ്ദം, നിയമവിരുദ്ധമായ വാഹന മോഡിഫിക്കേഷന്‍ എന്നീ കുറ്റങ്ങളാണ് ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാക്കുന്നതരത്തില്‍ ദുബായിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് ചിത്രീകരിച്ചിരുന്നുവെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ സ്ഥിരീകരിച്ചു. ഫീല്‍ഡ് പട്രോളിംഗിലൂടെയോ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ഉള്ളടക്കം അന്വേഷിച്ചോ കുറ്റവാളികളെ തിരിച്ചറിയാന്‍ ദുബായ് പൊലീസ് നൂതന സാങ്കേതികവിദ്യയും ഡിജിറ്റല്‍ നിരീക്ഷണവും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡിലെ അച്ചടക്കം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ദുബായ് പൊലീസ് വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി അപകടകരമായ ഡ്രൈവിംഗ് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോടും പൊലീസ് അഭ്യര്‍ത്ഥിച്ചു.

Content Highlights: Dubai police seize supercar that set fire to road

To advertise here,contact us