പുതുവർഷത്തിൽ പുതിയ നിയമങ്ങൾ; യുഎഇയിൽ ഇനി നിരവധി മാറ്റങ്ങൾ

പുതുവര്‍ഷത്തില്‍ സുപ്രധാനമായ മാറ്റങ്ങളാണ് യുഎഇയില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്

പുതുവര്‍ഷം പിറന്നതോടെ യുഎഇയില്‍ നിരവധി പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വന്നു. സ്‌കൂള്‍ സമയത്തിലെ മാറ്റം മുതല്‍ നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങളും പ്രാബല്യത്തിലായി. പുതുവര്‍ഷത്തില്‍ സുപ്രധാനമായ മാറ്റങ്ങളാണ് യുഎഇയില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

പുതിയ നികുതി നിയമ പ്രകാരം ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും അധികമായി അടച്ച വാറ്റ് തുകയോ ക്രെഡിറ്റ് ബാലന്‍സോ നിലനിര്‍ത്താന്‍ സാധിക്കില്ല. ടാക്സ് കാലാവധി അവസാനിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ റീഫണ്ടിനായി അപേക്ഷിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. പ്ലാസ്റ്റിന് നിരോധനത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് മുതല്‍ നിലവില്‍ വന്ന മറ്റൊരു പ്രധാന നിയമം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് യുഎഇ നിരോധനം ഏര്‍പ്പെടുത്തുന്നത്. പാനീയങ്ങള്‍ കുടിക്കുന്ന കപ്പുകള്‍, അവയുടെ അടപ്പുകള്‍, സ്പൂണ്‍, പ്ലാസ്റ്റിക് കത്തികള്‍, പ്ലേറ്റുകള്‍, സ്ട്രോകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

സ്‌കൂള്‍ സമയത്തിലെ മാറ്റവും ഇന്ന് മുതല്‍ നിലവില്‍ വന്നു. എല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്ചത്തെ ജുമാ നമസ്‌കാരം ഉച്ചയ്ക്ക് 12:45-ന് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും ജനുവരി ഒമ്പത് മുതല്‍ വെള്ളിയാഴ്ചകളില്‍ രാവിലെ 11:30-ന് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും പ്രൊഫഷണല്‍ പെര്‍മിറ്റ് എടുക്കുന്നതിനുളള സമപരിധിയും ജനുവരി 31ന് അവസാനിക്കും.

മധുരപാനീയങ്ങള്‍ക്ക് നിലവിലുള്ള 50 ശതമാനം ഏകീകൃത നികുതിക്ക് പകരം, അവയിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചുള്ള പുതിയ നികുതി ഘടനയും 20126ല്‍ നിലവില്‍ വരും. പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതിയും വര്‍ദ്ധിക്കും എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.

Content Highlights: UAE starts the new year with several new laws taking effect

To advertise here,contact us