യുഎഇയിൽ ഇനിമുതൽ നിയമപരമായ പ്രായപൂർത്തി 21 വയസിൽ നിന്നും 18 വയസായി കുറച്ചു. സാമ്പത്തിക കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകാൻ കഴിയുന്ന പ്രായപരിധിയിലും മാറ്റമുണ്ട്. ഇനിമുതൽ 18 വയസായവർക്ക് സ്വന്തം ആസ്തികൾ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ, 15 വയസായവർക്ക് അവരുടെ സ്വത്തുക്കൾ നിയന്ത്രിക്കാനുള്ള അനുമതിക്കായി അപേക്ഷിക്കാനും പുതിയ നിയമം അനുവാദം നൽകുന്നു.
യുവജനങ്ങളുടെ ഉയർച്ച, അവരുടെ നിയമപരമായ അവകാശങ്ങളുടെ സംരക്ഷണം, യുവജനതയുടെ സംരംഭങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് പൂർണമായ പരിഹാരം ഉറപ്പാക്കുന്നതിന് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പദ്ധതികളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ഡിക്രി പ്രകാരം നഷ്ടപരിഹാരം, കരാറുകൾ, ഇൻഷുറൻസ്, വിൽപന, തൊഴിൽപരമായ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സിവിൽ നിയമ ചട്ടക്കൂടിനെ സമകാലിക സാമ്പത്തിക-സാമൂഹിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതാണ് ഈ പരിഷ്കാരം.
Content Highlights: UAE lowers age of maturity to 18 years in landmark legal shift