യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയങ്ങളിൽ പ്രഖ്യാപിച്ച മാറ്റം നാളെ മുതൽ നിലവിൽ വരും. ഇതോടെ നാളെ മുതൽ യുഎഇയിൽ ഉടനീളമുള്ള വെള്ളിയാഴ്ച പ്രഭാഷണങ്ങളും പ്രാർത്ഥനകളും ഉച്ചയ്ക്ക് 12.45-ന് നടക്കും. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, എല്ലാ എമിറേറ്റുകളിലും പള്ളികളിലും ഏകീകൃത പ്രാർത്ഥനാ സമയം ഉറപ്പാക്കുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, ഔഖാഫ്, സകാത്ത് അറിയിച്ചു. പ്രഭാഷണം നഷ്ടപ്പെടാതിരിക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിലെത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
രാജ്യവ്യാപകമായി വെള്ളിയാഴ്ച പ്രാർത്ഥനകൾ ഏകീകരിക്കുന്നതിനും വിശ്വാസികൾക്ക് പൂർണ്ണമായ പ്രഭാഷണം കേൾക്കാനും സ്ഥിരമായ മാർഗനിർദ്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിശ്ചിത പ്രഭാഷണ സമയം കൂട്ടായ ആരാധനയ്ക്കും ഏകീകൃതമായ മത സന്ദേശങ്ങൾ കൈമാറുന്നതിനും സഹായകമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.
മതപരമായ ചടങ്ങുകൾക്ക് അപ്പുറം സമൂഹങ്ങൾ തമ്മിലുള്ള ഏകോപനം സുഗമമാക്കുക എന്നതും ഈ മാറ്റത്തിന് പിന്നിലെ ലക്ഷ്യമാണ്. രാജ്യം മുഴുവൻ ഒരേ സമയം പിന്തുടരുന്നതിലൂടെ, ഒന്നിലധികം എമിറേറ്റുകളും ആയിരക്കണക്കിന് പള്ളികളുമുള്ള യുഎഇയിൽ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വെള്ളിയാഴ്ചകളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ ക്രമീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത ദേശീയ നയങ്ങളിലൂടെ ദൈനംദിന ജീവിതം ലളിതമാക്കാനുള്ള യുഎഇ സർക്കാരിന്റെ ശ്രമങ്ങളുടെ നടപടിയുടെ ഭാഗവുമാണിത്.
Content Highlights: UAE mosques shift to 12.45pm Friday prayers from tomorrow