പുതുവർഷം ആറ് രോ​ഗി​കൾക്ക് പുതുജീവൻ നൽകാൻ പ്രവാസി മലയാളി; അവയവങ്ങൾ ദാനം ചെയ്യും

ബാബുരാജന്റെ ഭാര്യ കുമാരിയും മക്കളായ പ്രീതിയും കൃഷ്ണപ്രിയയും നാട്ടിൽ കേരളത്തിലാണ് താമസം

പുതുവർഷം അരികിലെത്തിനിൽക്കെ, ആറ് രോഗികൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ രണ്ടാമതൊരു അവസരം ലഭിച്ചിരിക്കുന്നു. യുഎഇയിൽ അപകടത്തിൽപ്പെട്ട് മരിച്ച പ്രവാസിയായ മലയാളി യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം എടുത്ത ഉദാത്തമായ തീരുമാനമാണ് ഇവർക്ക് പുതുജീവൻ നൽകിയത്.

അബുദാബിയിൽ ഡിസംബർ 16-നുണ്ടായ വാഹനാപകടത്തെത്തുടർന്ന് മരിച്ച തൃശൂർ സ്വദേശിയായ എം. ബാബുരാജന്റെ (50) അവയവങ്ങളാണ് ദാനം ചെയ്തത്. സ്വർണപ്പണിക്കാരനായിരുന്ന ബാബുരാജന്റെ വിയോഗത്തിന്റെ വേദനക്കിടയിലും പുതുവർഷത്തിന് തൊട്ടുമുൻപായി ആറ് അപരിചിതർക്ക് ജീവൻ രക്ഷിക്കാനുള്ള സമ്മാനമായി ആ അവയവങ്ങൾ മാറ്റാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ബാബുരാജന്റെ ഭാര്യ കുമാരിയും മക്കളായ പ്രീതിയും കൃഷ്ണപ്രിയയും നാട്ടിൽ കേരളത്തിലാണ് താമസം.

അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു ഇലക്ട്രിക് സ്കൂട്ടർ ഇടിച്ചാണ് ബാബുരാജന് മാരകമായി പരിക്കേറ്റത്. ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ബാബുരാജിന്റെ സ്കൂട്ടർ അമിതവേഗതയിലായിരുന്നു. അപകടം നടന്ന ഉടനെ ബാബുരാജനെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നിരുന്നാലും ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.

Content Highlights: Kerala expat in UAE hit by e-scooter dies, gives life to six through organ donation

To advertise here,contact us