പുതുവര്ഷത്തെ വരവേല്ക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പില് യുഎഇ. വെടിക്കെട്ടും ഡ്രോണ് ഷോയും ഉള്പ്പെടെയുളള വ്യത്യസ്ത പരിപാടികളാകും ദുബായ് ഉള്പ്പെടെയുള്ള സ്ഥലങ്ങളില് ഇത്തവണ അരങ്ങേറുക. ആഗോളതലത്തില് നിന്നുള്ള കലാകാരന്മാര് അണിനിരക്കുന്ന ലൈവ് സംഗീത പരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടും.
പുതുവര്ഷത്തില് സഞ്ചാരികളെയും താമസക്കാരെയും വിസ്മയിപ്പിക്കാന് തയ്യാറെടുക്കുകയാണ് യുഎഇ. ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങള്ക്കാകും ഇത്തവണ ദുബായ് വേദിയാവുക. നാളെ രാത്രി 40 കേന്ദ്രങ്ങളില് ഒരുക്കുന്ന 48 വെടിക്കെട്ടുകളാണ് ഇതില് പ്രധാനം. ഇതിന് പുറമെ ഡ്രോണുകളും ആകാശത്ത് ദൃശ്യവിസ്മയം തീര്ക്കും. ബുര്ജ് ഖലീഫ, ഡൗൺടൗൺ ദുബായ്, ബുര്ജ് അല് അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, ഗ്ലോബല് വില്ലേജ് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങള് പൊടിപൊടിക്കും.
അബുദാബിയിലെ ഷെയ്ഖ് സാദിദ് ഫെസ്റ്റിവല് മൈതാനവും ഇത്തവണ ആഘോഷത്തിന്റെ പ്രധാന വേദികളില് ഒന്നാണ്. 62 മിനിറ്റ് നീളുന്ന തുടര്ച്ചയായ വെടിക്കെട്ടാണ് ഇത്തവണത്തെ ആകര്ഷണം. വെടിക്കെട്ടിലെ ഓരോ ഘട്ടവും വ്യത്യസതമായിരിക്കും. യുഎഇ ദേശീയ പതാകയുടെ നിറങ്ങളും പരമ്പരാഗത എമിറാത്തി സംഗീതത്തെ ആസ്പദമാക്കി ക്രമീകിച്ച ദൃശ്യവിസ്മയങ്ങളും കാണികള്ക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
എമിറാത്തി പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന ത്രിമാന രൂപങ്ങള് സൃഷ്ടിച്ച് കൊണ്ട് 6,500 ഡ്രോണുകളും ആകാശ വിസ്മയം തീര്ക്കും. റാസല് ഖൈമയിലെ വെടിക്കെട്ട് കാണാന് ഇത്തവണയും ജനലക്ഷങ്ങള് എത്തും. ഗിന്നസ് വേള്ഡ് റെക്കോര്ഡ് ലക്ഷ്യമിട്ടാണ് ഈ വര്ഷവും മര്ജന് ദ്വീപ് മുതല് അല് ഹംറ വരെ ആറ് കിലോമീറ്റര് ദൂരം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളില് വെടിക്കെട്ട് ഒരുക്കുന്നത്. ഇതിന് പുറമെ 2,300 ലേറെ ഡ്രോണുകള് അണിനിരക്കുന്ന പ്രദര്ശനവും ഉണ്ടാകും.
സര്ക്കാര് തലത്തില് സംഘടിപ്പിക്കുന്നപരിപാടികള്ക്ക് പുറമെ വിവിധ ഹോട്ടലുകളുടെയും ഈവന്റ് കമ്പനികളുടെയും നേതൃത്വത്തിലും രാജ്യത്തുടനീളം ആഘോഷ പരിപാടികള് അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള കലാകാരന്മാരുടെ വലിയ സംഘവും ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടാന് യുഎഇയില് എത്തിയിട്ടുണ്ട്.
Content Highlights: UAE in final preparations to welcome the New Year