യുഎഇയിലും സൗദി അറേബ്യയിലും നീണ്ടുകിടക്കുന്ന മരുഭൂമി ഉണ്ടായിട്ടും ഇരുരാജ്യങ്ങളും മണൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഓസ്ട്രേലിയ, ബെൽജിയം, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് യുഎഇയും സൗദിയും മണൽ ഇറക്കുമതി ചെയ്യുന്നത്. ഇതിന് ചില കാരണങ്ങളുണ്ട്.
വിഷൻ 2030 പദ്ധതിയുമായി സൗദിയും ആകാശഗോപുരങ്ങൾ നിർമിച്ച് യുഎഇയും മുന്നോട്ടുപോകുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിലവാരമുള്ള മണൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രാജ്യങ്ങൾ മണൽ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഈ വസ്തുത നിർമാണ പ്രവർത്തനങ്ങൾക്ക് ഗുണനിലവാരമുള്ള മണലിന്റെ ദൗർലഭ്യം സൂചിപ്പിക്കുന്നുണ്ട്.
സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ മരുഭൂമികൾ മണലിനാൽ സമ്പന്നമാണ്. എന്നാൽ എല്ലാ മണലും ഒരേ ഗുണമേന്മയുള്ളതല്ല. ആയിരക്കണക്കിന് വർഷങ്ങളായി കാറ്റിലൂടെയുള്ള തേയ്മാനം കാരണം മരുഭൂമിയിലെ മണൽത്തരികൾ കൂടുതൽ മിനുസമാർന്നതുമാണ്. സിമന്റും വെള്ളവുമായി ചേർക്കുമ്പോൾ ശക്തവും ദൃഢവുമായ ഒരു മിശ്രിതം രൂപപ്പെടുന്നതിന് പരുക്കനായ മണൽത്തരികൾ അനിവാര്യമാണ്. അതിനാൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമാണത്തിന് മരുഭൂമിയിലെ മണൽ അത്ര അനുയോജ്യമല്ല.
അതിനിടെ ഉയർന്ന നിലവാരമുള്ള മണലിന്റെ പ്രധാന കയറ്റുമതിക്കാരായി ഓസ്ട്രേലിയ മാറിയിരിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. കണക്കുകൾ പ്രകാരം, 2023-ൽ ഓസ്ട്രേലിയ 27.3 കോടി ഡോളറിന്റെ മണൽ കയറ്റുമതി ചെയ്തു. ഇതോടെ ലോകത്തിലെ 183 രാജ്യങ്ങളിൽ മണൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഓസ്ട്രേലിയ മാറി. 2023-ൽ ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 1,40,000 യുഎസ് ഡോളർ വിലമതിക്കുന്ന നിർമാണ നിലവാരമുള്ള പ്രകൃതിദത്ത മണൽ സൗദി അറേബ്യ ഇറക്കുമതി ചെയ്തു.
ഓസ്ട്രേലിയയിൽ നിന്ന് സൗദി മാത്രമല്ല മണൽ ഇറക്കുമതി ചെയ്യുന്നത്. യുഎഇയും ഖത്തറും ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും ഓസ്ട്രേലിയയിൽ നിന്ന് മണൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ആധുനിക എഞ്ചിനീയറിംഗിന്റെ സാങ്കേതിക ആവശ്യങ്ങൾ മുൻനിർത്തി, നഗരങ്ങളുടെ അതിവേഗത്തിലുള്ള വളർച്ചയ്ക്കും ആകാശഗോപുരങ്ങളുടെ നിർമാണത്തിനുമായി യുഎഇയും (പ്രത്യേകിച്ച് ദുബായിയും അബുദാബിയും) വിദേശരാജ്യങ്ങളിൽ നിന്നാണ് ആവശ്യമായ മണൽ എത്തിക്കുന്നത്.
Content Highlights: Saudi Arabia and the UAE import sand from Australia despite endless desert, here is why