ദുബായ് കസ്റ്റംസിന്റെ ക്രോസ്-ബോര്‍ഡര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനെ പ്രശംസിച്ച് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍

സാമ്പത്തിക വളര്‍ച്ചാ സാധ്യതകള്‍ വികസിപ്പിക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് ഈ നടപടികള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ വിലയിരുത്തി

ദുബായ് കസ്റ്റംസിന്റെ ക്രോസ്-ബോര്‍ഡര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനെ പ്രശംസിച്ച് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍. ഡിജിറ്റല്‍ കസ്റ്റംസ് പരിവര്‍ത്തനത്തിനുള്ള ആഗോള മാതൃക എന്നാണ് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ പദ്ധതിയെക്കുറിച്ച് ഒരു പ്രത്യേക റിപ്പോര്‍ട്ടും വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ചു.

ഫലപ്രദമായ നയങ്ങള്‍, ശക്തമായ പങ്കാളിത്തങ്ങള്‍, നൂതന സാങ്കേതികവിദ്യ എന്നിവയിലൂടെ കസ്റ്റംസ് സേവനങ്ങളിലും അതിര്‍ത്തി നിയന്ത്രണത്തിലും നവീകരണം കൈവരിക്കാനാകുമെന്ന് ദുബായ് കസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുവെന്ന് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു. യുഎഇയുടെ ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് മേഖലകള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഷിപ്പിംഗ്, വെയര്‍ഹൗസിംഗ് തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് തുറക്കുന്നതെന്നും വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ചൂണ്ടികാട്ടി.

സാമ്പത്തിക വളര്‍ച്ചാ സാധ്യതകള്‍ വികസിപ്പിക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് ഈ നടപടികള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ വിലയിരുത്തി. ദുബായില്‍ നിന്നും കടല്‍, വ്യോമ മാര്‍ഗം കൊണ്ടുപോകുന്ന സാധനങ്ങളുടെ അളവിലും വര്‍ധനയുണ്ട്. ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ വ്യാപാരം, സാമ്പത്തിക വികാസം എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി എമിറേറ്റിനെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ദുബായ് സാമ്പത്തിക അജണ്ടയായ ഡി 33നെ പിന്തുണയ്ക്കുന്നതാണ് ഈ കണക്കുകള്‍.

പത്ത് വര്‍ഷത്തിനുള്ളില്‍ ദുബൈയുടെ സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കുക, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളില്‍ ഒന്നായി ദുബായുടെ സ്ഥാനം മെച്ചപ്പെടുത്തുക, മികച്ച അഞ്ച് ആഗോള ലോജിസ്റ്റിക്സ് കേന്ദ്രങ്ങളില്‍ ഒന്നായി ദുബൈയെ മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് ഡി33യുടേത്. 2024-ല്‍ യുഎഇയിലെ ഇ-കൊമേഴ്‌സ് വിപണിയുടെ നേട്ടം 32.3 ബില്യണ്‍ ദര്‍ഹം ആയിരുന്നു. 2029 ആകുമ്പോഴേക്കും ഇത് 50.6 ബില്യണ്‍ ദര്‍ഹത്തിന് മുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: Dubai Customs praised by World Customs Organization

To advertise here,contact us