ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മക്കളായ ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പം ഗംറാൻ ക്യാമ്പ് സന്ദർശിച്ചു. പഴയ തലമുറയുടെ അറിവുകളും കഴിവുകളും പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന സവിശേഷമായ അനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്ന് പൂർണ്ണമായും മാറിനിന്ന് തികച്ചും ലളിതമായ ഒരു ജീവിതശൈലിയിലേക്ക് മടങ്ങാൻ സഹായിക്കുകയാണ് ഗംറാൻ ക്യാമ്പ്.
ദുബായിലെമ്പാടുമുള്ള പ്രായമായ മാതാപിതാക്കളെയും യുവതലമുറയെയും ഒരുമിപ്പിച്ചുകൊണ്ട്, എമിറാത്തി സംസ്കാരത്തിൽ അധിഷ്ഠിതമായ പ്രധാന കാര്യങ്ങൾ പഠിക്കാൻ അവസരം ഒരുക്കുകയാണ് ഈ ക്യാമ്പ്. മരുഭൂമിയെ പരസ്പര ബന്ധങ്ങൾക്കും വ്യക്തിപരമായ വളർച്ചയ്ക്കും രാജ്യത്തിന്റെ സംസ്കാരത്തിനുമുള്ള വളർച്ചയ്ക്കുള്ള ഒരിടമായി ഇതിലൂടെ അവർക്ക് അനുഭവിച്ചറിയാൻ സാധിക്കും.
ഒട്ടകങ്ങളുടെ പരിപാലനം, ഈന്തപ്പന വിളവെടുപ്പ്, ഫാൽക്കൺ പക്ഷികളെ പരിശീലിപ്പിക്കുക തുടങ്ങിയ പരമ്പരാഗതമായ തൊഴിലുകളിലും വിനോദങ്ങളിലും ക്യാമ്പിലെ അംഗങ്ങൾ സജീവമായി പങ്കുചേരാറുണ്ട്. ഇത്തരം സ്ഥലങ്ങൾ പുതിയ തലമുറയുടെ ഓർമകളിൽ ഉണ്ടാകണമെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.
Content Highlights: UAE: Sheikh Hamdan, his kids visit Dubai desert camp