പുതുവർഷം പിറക്കുന്നതോടെ യുഎഇ നിവാസികൾ ഉണരുക പുതിയ നിയമങ്ങളിലേക്ക് കൂടിയാണ്. കുട്ടികളുടെ സ്കൂൾ സമയത്തിലെ മാറ്റം മുതൽ നികുതി നിയമങ്ങളിലെ മാറ്റങ്ങൾ വരെ യുഎഇയിൽ അധികൃതർ നടപ്പിലാക്കാനൊരുങ്ങുകയാണ്. യുഎഇ നിവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്.
പ്ലാസ്റ്റിക് നിരോധനം രണ്ടാം ഘട്ടം;
രാജ്യവ്യാപകമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് പ്ലാസ്റ്റിക് നിരോധനം. 2026 ജനുവരി ഒന്ന് മുതൽ, കൂടുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് യുഎഇ നിരോധനം ഏർപ്പെടുത്തുകയാണ്. പാനീയങ്ങൾ കുടിക്കുന്ന കപ്പുകൾ, അവയുടെ മൂടികൾ, സ്പൂൺ, കത്തികൾ, പ്ലേറ്റുകൾ, സ്ട്രോകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ നിയമം ലംഘിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് 2,000 ദിർഹം മുതൽ പിഴ ഈടാക്കും. ഒരേ വർഷം തന്നെ കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും പരമാവധി 10,000 ദിർഹം വരെ ഈടാക്കുകയും ചെയ്യും.
വെള്ളിയാഴ്ച സ്കൂൾ സമയത്തിലെ മാറ്റം;
2026 ജനുവരി ആദ്യവാരം മുതൽ, രാജ്യവ്യാപകമായി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയത്തിലും സ്കൂൾ സമയത്തിലും മാറ്റങ്ങൾ വരുന്നതാണ് മറ്റൊരു പ്രധാന നിയമം. എല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്ച നമസ്കാരം ഉച്ചയ്ക്ക് 12:45-ന് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകളും 2026 ജനുവരി 9 മുതൽ വെള്ളിയാഴ്ചകളിൽ രാവിലെ 11:30-ന് പ്രവർത്തനം അവസാനിപ്പിക്കണം. 12:45-ന് ഖുതുബ (നമസ്കാരത്തിന് മുന്നോടിയായുള്ള പ്രഭാഷണം) ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പള്ളികളിലെത്താൻ വേണ്ടിയാണ് ഈ മാറ്റം.
നികുതി നിയമത്തിലെ മാറ്റങ്ങൾ;
2026 ജനുവരി ഒന്ന് മുതൽ യുഎഇയിലെ നികുതി നിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. ബിസിനസുകൾക്കും വ്യക്തികൾക്കും ഇനിമുതൽ അധികമായി അടച്ച വാറ്റ് തുകയോ ക്രെഡിറ്റ് ബാലൻസോ നിലനിർത്താൻ സാധിക്കില്ല. ടാക്സ് പിരീഡ് അവസാനിച്ച തീയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ റീഫണ്ടിനായി അപേക്ഷിക്കണം. ഈ സമയപരിധി കഴിഞ്ഞാൽ ആ തുക തിരികെ ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടും.
സമൂഹ മാധ്യമ കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്ലുവൻസർമാർക്കും പെർമിറ്റ്;
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്റ് ക്രിയേറ്റർമാരും പ്രൊഫഷണൽ പെർമിറ്റ് എടുക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 31 ആണ്. ഇൻസ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ബ്രാൻഡുകളെയോ സേവനങ്ങളെയോ പ്രമോട്ട് ചെയ്യുന്നതിനായി പണമോ സമ്മാനങ്ങളോ വാങ്ങുന്ന ഏതൊരാൾക്കും ഈ നിയമം ബാധകമാണ്.
മധുരം അടങ്ങിയ വസ്തുക്കളുടെ നികുതി വർധനവ്;
2026 ജനുവരി ഒന്ന് മുതൽ യുഎഇയിൽ മധുരപാനീയങ്ങൾക്ക് നിലവിലുള്ള 50 ശതമാനം ഏകീകൃത നികുതിക്ക് പകരം, അവയിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചുള്ള പുതിയ നികുതി ഘടന നിലവിൽ വരും. പാനീയത്തിൽ എത്രത്തോളം പഞ്ചസാരയുണ്ടോ അതിനനുസരിച്ച് വിലയും നികുതിയും വർധിക്കും.
Content Highlights: UAE: 5 new rules and changes coming into effect from January 2026