സാമ്പത്തിക മേഖലയിലും ജീവിത നിലവാരത്തിലും യുഎഇ വലിയ വളർച്ച നേടിയ വർഷമായി 2025

രാജ്യത്തിന്റെ സമഗ്ര വികസന യാത്രയെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ക്കാണ് ഈ വര്‍ഷം യുഎഇയിലെ അടിസ്ഥാന സൗകര്യ മേഖല സാക്ഷ്യം വഹിച്ചത്

സാമ്പത്തിക മേഖലയിലും ജീവിത നിലവാരത്തിലും യുഎഇ വലിയ വളർച്ച നേടിയ വര്‍ഷമായി 2025. അടിസ്ഥാന സൗകര്യ വികസന മേഘലകളില്‍ നടപ്പാക്കിയ സമഗ്ര പദ്ധതികളാണ് ഈ നേട്ടത്തിന് കാരണം. ഓരോ എമിറേറ്റിലും നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ യുഎഇ ലോകത്തിന് മുന്നില്‍ തിളങ്ങുകയാണ്.

രാജ്യത്തിന്റെ സമഗ്ര വികസന യാത്രയെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ക്കാണ് ഈ വര്‍ഷം യുഎഇയിലെ അടിസ്ഥാന സൗകര്യ മേഖല സാക്ഷ്യം വഹിച്ചത്. മുഴുവന്‍ ജനങ്ങളുടെയും ജീവിത നിലവാരം, സ്ഥിരത, ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്രമായ ഒരു ദേശീയ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രഖ്യാപിച്ച പദ്ധതികളെല്ലാം. ഇപ്പോള്‍ നിര്‍മാണം നടന്നുവരുന്ന എത്തിഹാദ് റെയില്‍ പദ്ധതിയാണ് ഇതില്‍ പ്രധാനം. പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ ദുബായിക്കും അബുബാദിക്കും ഇടയിലുള്ള യാത്രാസമയം 30 മിനിറ്റായി കുറയും.

നവംബറില്‍ നടന്ന യുഎഇ ഗവണ്‍മെന്റിന്റെ വാര്‍ഷിക യോഗം 2030 വരെ 170 ബില്യണ്‍ ദര്‍ഹത്തിന്റെ ദേശീയ റോഡ് വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഫെഡറല്‍ റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും എമിറേറ്റുകള്‍ക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതും ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതികള്‍. പ്രാദേശിക തലത്തില്‍, അബുദാബി പ്രോജക്ട്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെന്റര്‍ 2025ല്‍ 22 ബില്യണ്‍ ദര്‍ഹം മൂല്യമുള്ള പൊതു-സ്വകാര്യ പങ്കാളിത്ത കരാറുകളില്‍ ഒപ്പുവച്ചു.

കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് വികസനത്തിലിരിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ എണ്ണം 600 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 1.5 ബില്യണ്‍ ദിര്‍ഹം ചെലവില്‍ അല്‍ ഫേ സ്ട്രീറ്റ് വികസനം, ബര്‍ ദുബായില്‍ നിന്ന് ദുബായ് ദ്വീപുകളിലേക്കുള്ള പ്രവേശന, എക്സിറ്റ് പോയിന്റുകളുടെ നിര്‍മ്മാണം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പദ്ധതികളും ഈ വര്‍ഷം പ്രഖ്യാപിച്ചു. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബായ് മെട്രോ ബ്ലൂ ലൈനിനൊപ്പം പത്ത് ലക്ഷം പേര്‍ക്ക് സേവനം നല്‍കുന്ന 14 പുതിയ സ്റ്റേഷനുകളും സജ്ജമാക്കും. 132 കിലോവോള്‍ട്ട് ശേഷിയുള്ള നാല് പ്രധാന ട്രാന്‍സ്മിഷന്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും 228 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുകളുടെ വിപുലീകരണവും 7.6 ബില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷാര്‍ജയില്‍, അല്‍ ഖാലിദിയ പ്രാന്തപ്രദേശത്ത് അല്‍ ലയ്യ കനാല്‍ പദ്ധതിയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. 500 മില്യണ്‍ ദിര്‍ഹത്തിലധികം ചെലവില്‍ 220 കിലോവോള്‍ട്ട് ശേഷിയുള്ള എയര്‍പോര്‍ട്ട് സ്റ്റേഷനും ഉദ്ഘാടനം ചെയ്തു. അജ്മാനില്‍, മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിംഗ് വകുപ്പ് അല്‍ ഹീലിയോ പ്രദേശത്ത് 63 ദശലക്ഷം ദിര്‍ഹം ചെലവില്‍ 2.8 കിലോമീറ്റര്‍ നീളത്തില്‍ ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതിയും ഉദ്ഘാടനം ചെയ്തു.

ഫാല്‍ക്കണ്‍ എക്സിക്യൂട്ടീവ് ഏവിയേഷനുമായി സഹകരിച്ച് പ്രത്യേക വിഐപി ടെര്‍മിനലും സ്വകാര്യ വിമാന ഹാംഗറുകളും വികസിപ്പിക്കുന്നതിനുളള പദ്ധഥിയും റാസ് അല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മുല്‍ ഖൈവൈനില്‍, എമിറേറ്റ്‌സ് റോഡ് നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 750 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും പ്രത്യേക പദ്ധതി ആരംഭിച്ചു. ഫുജൈറയില്‍, പൊതുമരാമത്ത്, കൃഷി വകുപ്പ് ആഭ്യന്തര റോഡ് പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പിലാക്കാന്‍ തുടങ്ങിയതും ഈ വര്‍ഷത്തെ ശ്രദ്ധേയമായ വികസന പദ്ധതിയാണ്.

Content Highlights: UAE made great growth in the economic sector and standard of living in 2025

To advertise here,contact us