കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ലക്ഷ്യം; പുതിയ നിയമവുമായി യുഎഇ ഭരണകൂടം

ഡിജിറ്റല്‍ ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കുട്ടികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിന് അധികാരികള്‍ക്കുള്ള ഉത്തരവാദിത്തങ്ങളും നിയമത്തില്‍ നിര്‍വചിക്കുന്നുണ്ട്

കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ ഭരണകൂടം. ഡിജിറ്റല്‍ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക, സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. 2026 കുടുംബ വര്‍ഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

കുട്ടികളുടെ ശാരീരികവും മാനസികവും ധാര്‍മികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്ന ദോഷകരമായ ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ നിന്നും രീതികളില്‍ നിന്നും അവരെ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കുട്ടികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിന് അധികാരികള്‍ക്കുള്ള ഉത്തരവാദിത്തങ്ങളും നിയമത്തില്‍ നിര്‍വചിക്കുന്നുണ്ട്. യുഎഇയില്‍ പ്രവര്‍ത്തിക്കുന്നതോ രാജ്യത്തെ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതോ ആയ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

വെബ്‌സൈറ്റുകള്‍, സെര്‍ച്ച് എഞ്ചിനുകള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, മെസേജിംഗ് ആപ്ലിക്കേഷനുകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകള്‍, സ്ട്രീമിംഗ് സേവനങ്ങള്‍, ഓണ്‍ലൈന്‍ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് പ്ലാറ്റ്‌ഫോമുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍. എന്നിവയാണ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഡിജിറ്റല്‍ വിഭാഗങ്ങള്‍.

കുട്ടികളുടെ പരിചരണത്തിന് ഉത്തരവാദികളായവര്‍ക്കും നിയമം ബാധകമാണ്. കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ സംബന്ധിച്ച് സംരക്ഷകരുടെ ബാധ്യതകളും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കാന്‍ കുടുംബ മന്ത്രി അധ്യക്ഷനായ ചൈല്‍ഡ് ഡിജിറ്റല്‍ സേഫ്റ്റി കൗണ്‍സിലും സ്ഥാപിക്കും. കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെഡറല്‍, തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള യോജിച്ചുള്ള പ്രവര്‍ത്തനവും ഏകോപിപ്പിക്കും.

പുതിയ നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളിലൊഴികെ, 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ ഡാറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ശേഖരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും കുറ്റകരമാണ്. ചൂതാട്ടമോ വാതുവെപ്പോ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ വാണിജ്യ ഗെയിമുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെയും നിയമം വിലക്കുന്നുണ്ട്. ദോഷകരമായ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചു. ഓണ്‍ലൈന്‍ ദുരുപയോഗത്തിനോ ചൂഷണത്തിനോ എതിരെ വേഗത്തിലുള്ള നടപടി ഉറപ്പാക്കുന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.

Content Highlights: UAE government issues new law on digital safety for children

To advertise here,contact us