ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 90 ശതമാനം വരെ വിലക്കുറവ്; വലിയ ഓഫറുകൾ ഒരുക്കി അധികൃതർ

വിവിധ മേഖലകളിൽ ഉപഭോക്താക്കൾക്ക് വൻതോതിലുള്ള വിലക്കിഴിവുകൾ ആസ്വദിക്കാൻ കഴിയും

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാ​ഗമായി യുഎഇ നിവാസികൾക്കും പ്രവാസികൾക്കും വലിയ ഓഫറുകളും നിരവധി സമ്മാനങ്ങളും നേടാൻ അവസരം ഒരുങ്ങുന്നു. ദുബായിലുടനീളമുള്ള ആയിരത്തിലധികം ബ്രാൻഡുകളും 3,500-ലധികം ഔട്ട്‌ലെറ്റുകളുമാണ് വലിയ അവസരങ്ങളൊരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഡിസംബർ 26 മുതൽ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 25 ശതമാനം മുതൽ 75 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നത്.

അഞ്ച് ആഴ്ച നീണ്ടുനിൽക്കുന്ന ഓഫർ കാലയളവിലുടനീളം ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, കുട്ടികൾക്കുള്ള ഉത്പ്പന്നങ്ങൾ, ലൈഫ്‌സ്റ്റൈൽ തുടങ്ങി വിവിധ മേഖലകളിൽ ഉപഭോക്താക്കൾക്ക് വൻതോതിലുള്ള വിലക്കിഴിവുകൾ ആസ്വദിക്കാൻ കഴിയും. 2026 ഫെബ്രുവരി ഒന്ന് വരെയാണ് ഈ ഓഫർ കാലം.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സ്റ്റോറുകളിൽ നിന്ന് 300 ദിർഹമോ അതിലധികമോ ചിലവഴിക്കുന്നവർക്ക് ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ അഞ്ച് 'നിസ്സാൻ പട്രോൾ എസ് ഇ ടി2 2026' കാറുകളിൽ ഒന്ന് സ്വന്തമാക്കാൻ കഴിയും. ഇതിനായി ഷോപ്പുകളിൽ ലഭിക്കുന്ന 'ഷോപ്പ്, സ്കാൻ ആൻഡ് വിൻ' ക്യുആർ കോഡ് സ്കാൻ ചെയ്ത് ബില്ല് അപ്‍ലോഡ് ചെയ്താൽ മതിയാകും. കൂടുതൽ ഉപഭോക്താക്കളെ വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ചില പ്രത്യേക ഉത്പന്നങ്ങൾക്ക് 90 ശതമാനം വരെ വൻ വിലക്കുറവ് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഇതിനുപുറമെ, തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ മാത്രം ലഭ്യമാകുന്ന സവിശേഷമായ '12 മണിക്കൂർ സെയിൽ' ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ അതിശയിപ്പിക്കുന്ന ഓഫറുകളിലൂടെ ബ്രാൻഡഡ് ഉത്പന്നങ്ങൾ സ്വന്തമാക്കാൻ ഈ മെഗാ സെയിൽ അവസരമൊരുക്കുന്നു.

Content Highlights: Dubai Shopping Festival announces discounts up to 90%

To advertise here,contact us