യുഎഇയിലെ യുവജനങ്ങൾക്കിടയിൽ വാടക വീട് ഒഴിവാക്കി സ്വന്തം വീടുകൾ വാങ്ങാനുള്ള ആഗ്രഹം വർദ്ധിക്കുകയാണ്. എങ്കിലും യുവജനങ്ങൾക്ക് വീടുകൾ വാങ്ങാൻ ആവശ്യമായ മുൻ പണം കണ്ടെത്തുന്നതിനെക്കുറിച്ചും ഭവനവായ്പയെക്കുറിച്ചും ധാരണയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
'മിക്കവാറും സന്ദർഭങ്ങളിൽ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്ന ആളുടെ കൈയ്യിൽ യഥാർത്ഥ മൂല്യത്തിന്റെ 25 മുതൽ 30 ശതമാനം വരെ പണമായി ഉണ്ടാകണം. അതിൽ വസ്തു രജിസ്ട്രേഷൻ ചിലവുകൾ, ഏജന്റ് കമ്മീഷൻ തുടങ്ങിയവയും ഉൾപ്പെടുന്നു. 10 ലക്ഷം ദിർഹം മൂല്യമുള്ള ഒരു വസ്തുവിന് സുഗമമായി ഇടപാടുകൾ ആരംഭിക്കുന്നതിന് വാങ്ങുന്ന ആളുടെ കൈയ്യിൽ ഏകദേശം രണ്ടര ലക്ഷം ദിർഹമെങ്കിലും ഉണ്ടാകണം.' ഐഎഎച്ച് ഗ്രൂപ്പിൻ്റെ സ്ഥാപകനും സിഇഒയുമായ ഇസ്മായിൽ അൽ ഹമ്മാദി പറഞ്ഞു.
ഭവന വായ്പയ്ക്ക് പലിശ നിരക്കിൽ കുറവും പണം തിരിച്ചടയ്ക്കാൻ ദീർഘകാലയളവും നിലവിലുണ്ട്. എങ്കിലും തുടക്കത്തിൽ കൈയ്യിലുണ്ടാകേണ്ട വലിയ തുക വസ്തു വാങ്ങുന്നവർക്ക് വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിലും പണം കടമടുക്കുന്നതിലുള്ള കർശനമായ നിബന്ധനകളും യുവജനങ്ങൾക്ക് ലോൺ അംഗീകാരങ്ങൾ ലഭിക്കുന്നത് വൈകിപ്പിക്കാറുണ്ടെന്നതും മറ്റൊരു പ്രതിസന്ധിയാണ്. മികച്ച സാമ്പത്തികത്തിലൂടെയും വായ്പാ സാഹചര്യങ്ങൾ അനുകൂലമാക്കിയും പലരും ഈ പ്രതിസന്ധികളെ മറികടക്കാറുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
അതിനിടെ യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് യുവജനങ്ങളുടെ കടന്നുവരവ് വർദ്ധിക്കുകയാണ്. 25 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവർ യുഎഇയിൽ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായതായാണ് കണക്കുകൾ. ഉയർന്ന വാടക, ഭവന വായ്പ എന്നിവയും യുഎഇയിലെ സ്ഥിര താമസക്കാർക്ക് ലഭിക്കുന്ന ഗോൾഡൻ വിസയും ലക്ഷ്യമിട്ടാണ് യുവജനത വീട് വാങ്ങുന്നതിനോട് താൽപ്പര്യം കാണിക്കുന്നത്.
'റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് കടന്നുവരുന്ന, 35 വയസിന് താഴെയുള്ളവരുട എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ദുബായിലാണ് ഈ വർദ്ധനവ് കൂടുതൽ പ്രകടമാകുന്നത്. സ്വന്തമായി വീട് എന്ന ആശയം യുവതലമുറയുടെ ദീർഘകാല സാമ്പത്തിക ചിന്തയുടെ ഭാഗമായി മാറിയിരിക്കുന്നു.' ഇസ്മായിൽ അൽ ഹമ്മാദി ചൂണ്ടിക്കാട്ടി.
ദുബായിലെ അനുകൂലമായ ഭവനപദ്ധതികൾ, നഗരത്തിൻ്റെ സുരക്ഷ, മെച്ചപ്പെട്ട ജീവിതശൈലി, സാംസ്കാരിക വൈവിധ്യം, വീട് വാങ്ങുമ്പോഴുള്ള ലളിതമായ നടപടിക്രമങ്ങൾ എന്നിവയും യുവതലമുറയെ നഗരത്തിൽ സ്ഥിരതാമസത്തിന് പ്രേരിപ്പിക്കുന്നു. യുഎഇയിൽ ദീർഘകാല താമസത്തിനാണ് യുവതലമുറയിൽ ഏറെയും ഇഷ്ടപ്പെടുന്നത്.
Content Highlights: UAE Home: Experts Outline How Many Dirhams Buyers Should Have On Hand