നാട്ടിലേക്ക് വന്‍ വിമാനക്കൂലി: ക്രിസ്മസ് അവധി ഈജിപ്തിലും മാലിയിലുമാക്കാന്‍ യുഎഇ പ്രവാസികള്‍

മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ തുകയാണ് ഇത്തവണ ക്രിസ്മസ് സീസണിൽ വിമാനക്കമ്പനികൾ ഈടാക്കുന്നത്

ഈ വർഷം ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യുഎഇ പ്രവാസികൾക്ക് വിമാനയാത്രാ ചിലവ് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്. മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ തുകയാണ് ഇത്തവണ ക്രിസ്മസ് സീസണിൽ വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇതോടെ ക്രിസ്മസ് അവധിക്കാലത്ത് മറ്റ് പ്ലാനുകളെക്കുറിച്ചാണ് പ്രവാസികളുടെ ചിന്ത. പലരും നാട്ടിലേക്ക് പോകുന്നതിന് പകരം അടുത്തുള്ള വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊൽക്കത്ത സ്വദേശിയായ പോൾ ജെ. പറയുന്നത് വിമാനയാത്രാനിരക്കമായി ഒട്ടും പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ്. ദുബായിൽ ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പമാണ് പോൾ താമസിക്കുന്നത്. 'കൊൽക്കത്തയിലേക്ക് ഒരാൾ യാത്ര ചെയ്യുന്നതിന് 3,400 ദിർഹമാണ് വിമാന ടിക്കറ്റ് നിരക്ക്. നാല് പേർ ആകുമ്പോൾ ഇത് 14,000 ദിർഹത്തിനടുത്ത് വരും. ഷോപ്പിങ്, മറ്റ് ചിലവുകൾ കൂടിയാകുമ്പോൾ 18,000 ദിർഹം കൈയ്യിൽ നിന്ന് പോകും. അതിനാൽ ക്രിസ്മസിന് കെയ്റോ സന്ദർശിക്കാൻ ആലോചിക്കുകയാണ്. അവിടെ ഒരാൾക്ക് 1,200 ദിർഹമേ ടിക്കറ്റ് നിരക്ക് വരുന്നുള്ളൂ.' പോൾ പ്രതികരിച്ചു.

ബെംഗളൂരുവിൽ നിന്നുള്ള ഐടി പ്രൊഫഷണലായ നവീൻ കുമാറിനും ഉയർന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയാണ്. '1,800 ദിർഹമാണ് ബെം​ഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതോടെ ഇസ്താംബുൾ അല്ലെങ്കിൽ മാലെ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് ക്രിസ്മസ് കാലത്ത് കൂടുതൽ ലാഭകരമാകും.' നവീൻ കുമാർ പറഞ്ഞു.

ക്രിസ്മസ് കാലത്ത് കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനക്കൂലിയും സാധാരണയിൽ കൂടുതലാണ്. പകരമായി ദുബായിൽ നിന്ന് കെയ്‌റോയിലേക്ക് 1,200 ദിർഹത്തിനും ഇസ്താംബുളിലേക്ക് 1,200 ദിർഹത്തിനും മാലെയിലേക്ക് 1,300 ദിർഹത്തിനും സഞ്ചരിക്കാം.

Content Highlights: UAE Expatriates Opt To Spend Christmas Holidays In Egypt And Maldives As Airfares Back Home Soar

To advertise here,contact us