ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റര് റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. ഈ മേഖലയില് അഞ്ച് പുതിയ പാലങ്ങള് നിര്മിക്കുന്ന പദ്ധതിക്ക് ദുബായ് റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി തുടക്കം കുറിച്ചു. റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനാക്കി മാറ്റുന്നതതും പദ്ധതിയുടെ ഭാഗമാണ്.
696 മില്യണ് ദിര്ഹത്തിന്റെ വന്കിട പദ്ധതിയാണ് ട്രേഡ് സെന്റര് റൗണ്ട് എബൗട്ടില് ദുബായ് റോഡ്സ് ആന്റ് ട്രാന്സോപോര്ട്ട് അതോറിറ്റി നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്ത്ഥ്യമാകുന്നതോടെ റൗണ്ട് എബൗട്ടിലെ ഗതാഗത കുരുക്കില് ശരാശരി 12 മിനിറ്റോളം വൈകുന്ന യാത്ര വെറും 90 സെക്കന്ഡായി കുറയുമെന്നാണ് വിലയിരുത്തല്.
ഷെയ്ഖ് സായിദ് റോഡില് നിന്ന് ഷെയ്ഖ് ഖലീഫ ബിന് സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം ആറ് മിനിറ്റില് നിന്ന് വെറും ഒരു മിനിറ്റായും കുറക്കാനാകും. 5,000 മീറ്റര് നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് പദ്ധതിയില് ഉള്പ്പെടുത്തിയിരിക്കുന്നത്. റൗട്ട് എബൗട്ട് ഉള്പ്പെടുന്ന ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വര്ദ്ധിക്കും. മണിക്കൂറില് കൂടുതല് വാഹനങ്ങളെ കടത്തിവിടാന് ഇതിലൂടെ സാധിക്കുമെന്നും ആര്ടിഎ വ്യക്തമാക്കി.
ദുബായ് വേള്ഡ് ട്രേഡ് സെന്റര്, ദുബായ് ഇന്റര്നാഷണല് ഫിനാന്ഷ്യല് സെന്റര് എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാര്ക്ക് ഇത് വലിയ ആശ്വാസം പകരും. ഇതിന് പുറമെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവര്ക്കുള്ള യാത്രയും കൂടുതല് എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിന് സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കന്ഡ് ഡിസംബര് സ്ട്രീറ്റ്, സബീല് പാലസ് സ്ട്രീറ്റ്, അല് മജ്ലിസ് സ്ട്രീറ്റ് എന്നിവയുമായി പാലങ്ങള് നേരിട്ട് ബന്ധിപ്പിക്കും. അടുത്ത വര്ഷത്തോടെ പദ്ധതി പൂര്ത്തിയാക്കാനാണ് ആര്ടിഎ ലക്ഷ്യമിടുന്നത്.
Content Highlights: Dubai RTA Opens Two Bridges as Part of Trade Centre Roundabout Development