മുൻ ഭർത്താവിനെ അപകീർത്തിപ്പെടുത്തി വാട്സ്ആപ്പ് സന്ദേശം; യുവതിക്കെതിരെ കേസെടുത്ത് ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ഈ കേസെന്ന് അധികൃതർ പറഞ്ഞു

മുൻ‌ ഭർത്താവിനെ അപകീർത്തിപ്പെടുത്തി വാട്സ്ആപ്പിലൂടെ സന്ദേശം അയച്ച യുവതിക്കെതിരെ കേസ് എടുത്തതായി ദുബായ് പബ്ലിക്ക് പ്രോസിക്യൂഷൻ. വിവാഹ ബന്ധം വേർപിരിഞ്ഞ ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കമാണ് കേസിന് കാരണമായത്. മർവാൻ എന്ന ഒമ്പത് വയസുകാരനെ കേന്ദ്രീകരിച്ചാണ് ഈ സംഭവം.

മർവാന്റെ മാതാപിതാക്കളായ ലുവായും മറാമും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. പിന്നാലെ അമ്മയായ മറാമിനൊപ്പമാണ് മർവാൻ താമസിക്കുന്നത്. മർവാന്റെ ചെലവുകൾ സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരി​ഗണനയിലാണ്. ദുബായ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ റിപ്പോർട്ട് പ്രകാരം, മർവാന്റെ സ്കൂൾ വാട്സാപ്പ് ​ഗ്രൂപ്പിൽ പിതാവ് ലുവായ് കൂടി ചേർക്കപ്പെട്ടു. ഇതോടെയാണ് പ്രശ്നങ്ങൾ തുടക്കമായത്.

തന്റെ നിരാശ മൂലം, മറാം ആ വാട്സ്ആപ്പ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കുമായി ലുവായുമായുള്ള തർക്കങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു നീണ്ട സന്ദേശം അയച്ചു. മകന്റെ വിദ്യാഭ്യാസത്തിന്റെയും ദൈനംദിന ആവശ്യങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം താനാണ് വഹിക്കുന്നതെന്നും കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധി കോടതിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മറാം പറഞ്ഞു. ലുവായ് തന്റെ കടമകൾ അവഗണിക്കുകയാണെന്നും മകന് സാമ്പത്തിക സഹായം നൽകുന്നില്ലെന്നും അവർ ആരോപിച്ചു. സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെ അവർ ഗ്രൂപ്പിൽ നിന്ന് പുറത്തുപോവുകയും ചെയ്തു.

തുടർന്ന്, നിരവധി രക്ഷിതാക്കളുടെയും സ്കൂൾ ജീവനക്കാരുടെയും മുന്നിൽ വെച്ച് തന്റെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്നും സ്വകാര്യത ലംഘിച്ചുവെന്നും ആരോപിച്ച് ലുവായ് സുരക്ഷാ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. പിന്നാലെ അന്വേഷണത്തിന് ശേഷം, സൈബർ ക്രൈം നിയമപ്രകാരം സ്വകാര്യത ലംഘിച്ചതിന് മറാമിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തു.

സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ഈ കേസെന്ന് അധികൃതർ പറഞ്ഞു. വ്യക്തിപരമായ തർക്കങ്ങൾ പരസ്യമായി പ്രചരിപ്പിക്കുന്നത്, പ്രത്യേകിച്ച് മറ്റൊരാളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുമ്പോൾ, അത് ഒരു ക്രിമിനൽ കുറ്റമായി മാറുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുടുംബ തർക്കങ്ങൾ പരസ്യമായ ഏറ്റുമുട്ടലുകളിലേക്ക് കൊണ്ടുപോകാതെ, സമാധാനപരമായ പരിഹാരങ്ങൾ തേടണമെന്നും കുട്ടികളുടെ മാനസികാവസ്ഥ സംരക്ഷിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വേർപിരിഞ്ഞ ദമ്പതികളെ അറിയിക്കുകയും ചെയ്തു.

Content Highlights: Dubai mum faces trial for violating ex-husband's privacy

To advertise here,contact us