മഴയ്ക്ക് ശമനം വന്നു; യുഎഇയിൽ ജനജീവിതം സാധാരണ നിലയിലേക്ക്

വിവിധ മേഖലകളില്‍ നിര്‍ത്തിവച്ചിരുന്ന ബസ് റൂട്ടുകളും പുനരാരംഭിച്ചു

ശക്തമായ മഴക്ക് ശമനം വന്നതെടെ യുഎഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവായതോടെ ഗതാഗതവും സാധാരണ നിലയിലായി. അതിനിടെ വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മഴക്ക് പിന്നാലെ രാജ്യത്തെ താപനിലയും വലിയ തോതില്‍ കുറഞ്ഞു.

രണ്ടുദിവസമായി തുടര്‍ന്ന മഴയ്ക്ക് ശമനം ഉണ്ടായതോടെയാണ് ജനജീവിതം സാധാരണ നിലയിലേക്കെത്തിയത്. ഓഫീസുകള്‍ പതിവ് പേലെ പ്രവര്‍ത്തിക്കുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന അടച്ച ബീച്ചുകളും പാര്‍ക്കുകളും ഇന്നലെ വൈകുന്നേരത്തോടെ തന്നെ തുറന്നിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ രൂപപെട്ട വെള്ളകെട്ട് പമ്പ് ചെയ്ത് നീക്കിയതോടെ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തി.

വിവിധ മേഖലകളില്‍ നിര്‍ത്തിവച്ചിരുന്ന ബസ് റൂട്ടുകളും പുനരാരംഭിച്ചു. അതിനിടെ വരും ദിസങ്ങളിൽ മോശം കാലാവസ്ഥ തുടുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഉപരിതല ന്യൂനമര്‍ദ്ദം ശനിയാഴ്ച രാജ്യത്തുടനീളം വ്യാപിക്കുന്നതോടെ വീണ്ടും മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനിലയിലും വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. റാസല്‍ ഖൈമയിലെ ജബല്‍ ജെയ്‌സില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനിലയാണിത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജബല്‍ ജെയ്‌സ് പര്‍വതനിരയില്‍ ശൈത്യകാല മാസങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത് പതിവാണ്.

Content Highlights: UAE returns to normal life as heavy rains ease

To advertise here,contact us