ദേശീയ ദിനാഘോഷ നിറവില് ഖത്തര്. തലസ്ഥാനമായ ദോഹയില് രാജ്യത്തിന്റെ കരുത്തും വൈവിധ്യവും വിളംബരം ചെയ്യുന്ന സൈനിക പരേഡ് അരങ്ങേറി. അമീര് ശൈഖ് തമീം ബിന് ഹമദ് അല്ഥാനി സേനയെ അഭിവാദ്യം ചെയ്തു. ദേശീയ ഗാനാലാപനത്തിന് ശേഷം നടന്ന 18 ഗണ് സല്യൂട്ടുകളോടെയാണ് സൈനിക പരേഡിന് തുടക്കമായത്. തുടര്ന്ന് ഖത്തര് അമീരി എയര് ഫോഴ്സിന്റെ എയര്ഷോ ആകാശത്ത് വിസ്മയം തീര്ത്തു.
അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും എയര്ക്രാഫ്റ്റുകളും എയര്ഷോയില് അണി നിരന്നു. നാവിക സേനയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. രാജ്യത്തിന്റെ പ്രതിരോധ-സുരക്ഷാ വൈദഗ്ധ്യം വിളിച്ചോതുന്നതായിരുന്നു സേനയുടെ പ്രകടനം. ഒമാന്, തുര്ക്കി, യുഎസ്, യുകെ തുടങ്ങിയ രാഷ്ട്രങ്ങളില് നിന്നുള്ള സൈനിക ബാന്ഡുകളും ദേശീയ ദിന പരേഡില് പങ്കെടുത്തു.
ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള് ഈ മാസം പത്തിന് ആരംഭിച്ചിരുന്നു. പത്ത് ദിവസം നീണ്ടുനില്ക്കുന്നതാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്, 'നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളില് അത് കാത്തിരിക്കുന്നു' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഉമ്മുസലാലിലെ ദര്ബ് അല് സായി ആണ് പ്രധാന ആഘോഷ വേദി.
വൈവിധ്യമാര്ന്ന സാംസ്കാരിക, കലാ, പൈതൃക പരിപാടികള് ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ദര്ബ് അല് സായി ദിവസേന ഉച്ചകഴിഞ്ഞ് മൂന്ന് മുതല് രാത്രി 11 വരെ പൊതുജനങ്ങള്ക്കായി തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികള് കുടുംബങ്ങള്ക്കും സന്ദര്ശകര്ക്കും സാംസ്കാരികവും - വിനോദപരവുമായ വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
Content Highlights: Qatar Celebrates National Day with Army Parade