സ്കൂളുകളിൽ വെള്ളിയാഴ്ച പുതിയ സമയക്രമവുമായി ദുബായ്; മാറ്റം ജനുവരി മുതൽ

മറ്റു ദിവസങ്ങളില്‍ സ്‌കൂള്‍ സമയം പഴയതുപോലെ തുടരും

ദുബായിലെ സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളില്‍ പുതിയ സമയക്രമം വരുന്നു. ജനുവരി ഒമ്പത് മുതലാണ് സമയമാറ്റം. യുഎഇയിലെ ജുമുഅ നമസ്‌കാര സമയത്തില്‍ മാറ്റം വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു.

ദുബായിലെ സ്‌കൂളുകളില്‍ 2026 ജനുവരി ഒമ്പത് മുതല്‍ വെള്ളിയാഴ്ചകളില്‍ ക്ലാസുകള്‍ രാവിലെ 11.30ഓടെ അവസാനിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുമതി തേടാമെന്നും അതോറിറ്റി വ്യക്തമാക്കി.

രക്ഷിതാക്കളുടെയും അതോറിറ്റിയുടെയും മുന്‍കൂര്‍ അനുമതിയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. മറ്റു ദിവസങ്ങളില്‍ സ്‌കൂള്‍ സമയം പഴയതുപോലെ തുടരും. ജനുവരി രണ്ട് മുതല്‍ യുഎഇയിലെ ജുമുഅ ഖുതുബ നമസ്‌കാര സമയം നേരത്തയാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം മുതല്‍ വെള്ളിയാഴ്ചകളില്‍ 12.45ന് ആയിരിക്കും പള്ളികളിലെ പ്രാര്‍ത്ഥനാ സമയം.

സ്‌കൂളുകളില്‍ പുതിയ സമയക്രമം നടപ്പിലാക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയില്‍ പാഠ്യപദ്ധതി ക്രമീകരിക്കാന്‍ സ്‌കൂളുകള്‍ ശ്രദ്ധിക്കണമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. മറ്റ് എമിറേറ്റുകളിലെ സ്‌കൂളുകള്‍ നേരത്തെ തന്നെ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണിച്ചിരുന്നു.

Content Highlights: Dubai's KHDA announces early Friday closure for schools from January 2026

To advertise here,contact us