എഐ ഉപയോ​ഗിച്ച് ഓൺലൈൻ തട്ടിപ്പ്; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ വിഭാ​ഗം

അപരിചിതരില്‍ നിന്നുളള ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി

യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനായി എഐ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. അപരിചിതരില്‍ നിന്നുള്ള ലിങ്കുകളിലും സന്ദേശങ്ങളിലും ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പിന് എതിരെ ജാഗ്രത പാലിക്കണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് അനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പും വര്‍ദ്ധിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പല തരത്തിലാണ് തട്ടിപ്പ് സംഘം പൊതുജനങ്ങളെ കബളിപ്പിക്കുന്നത്. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകളിലാണ് ഇപ്പോള്‍ ഇത്തരക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യഥാര്‍ഥ വ്യക്തികള്‍ സംസാരിക്കുന്നതുപോലെയുള്ള വീഡിയോകളാണ് ഇതിനായി തയ്യാറാക്കുന്നത്. ഇത്തരത്തില്‍ എത്തിയ നിരവധി വ്യാജ വീഡിയോ കോളുകളില്‍ ആളുകള്‍ക്ക് സംശയം തോന്നുന്നതിന് മുമ്പ് തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ സംഭവങ്ങളും ഏറെയാണ്.

ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ അടക്കമുള്ള ചില ആപ്ലിക്കേഷനുകള്‍ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. രാജ്യത്തിന് പുറത്താണ് മിക്ക തട്ടിപ്പ് സംഘടങ്ങളും പ്രവര്‍ത്തിക്കുന്നത്. അപരിചിതരില്‍ നിന്നുളള ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണം.

ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പ്രമുഖരുടെയോ പേരില്‍ വരുന്ന സന്ദേശങ്ങളുടെ ഉറവിടവും പരിശോധിക്കണം. ബാങ്ക് ഇടപാടുകളില്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മൊബൈല്‍ ഫോണിലും ടാപ്‌ടോപ്പിലും ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യണം. സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നുംഅധികൃതര്‍ വ്യക്തമാക്കി.

Content Highlights: UAE: Criminals using AI to launder money faster, study finds

To advertise here,contact us