യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തെ മാറ്റം; വിശദീകരണവുമായി അധികൃതർ

കുടുംബ ഐക്യം ശക്തിപ്പെടുത്തുന്നതിനും കുടുംബ ഒത്തുചേരലുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ മാറ്റമെന്നും അധികൃതര്‍ അറിയിച്ചു

യുഎഇയിലെ പള്ളികളിലെ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയ മാറ്റത്തില്‍ വിശദീകരണവുമായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത്. മതപരമായ കാരണങ്ങളാലല്ല പ്രാര്‍ത്ഥാനാ സമയത്തിലെ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉച്ചക്ക് 12.45 പ്രാര്‍ത്ഥനാ സമയം ക്രമീകരിച്ചുകൊണ്ട് നേരത്തെ പുറത്തിറക്കിയ ഉത്തരവ് 2026 ജനുവരി രണ്ട് മുതല്‍ നിലവില്‍വരും.

യുഎഇയില്‍ പ്രാര്‍ത്ഥനാ സമയം ക്രമീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് അധികൃതര്‍ രംഗത്ത് എത്തിയത്. പ്രാര്‍ത്ഥനാ സമയത്തിലെ മാറ്റം മതപരമായ കാരണങ്ങളാലല്ല മറിച്ച് രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ആവശ്യകതകള്‍ പരിഗണിച്ചാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ കുടുംബ ജീവിതശൈലികള്‍, നിലവിലെ പ്രവൃത്തി ദിനചര്യകള്‍ എന്നിവയുമായി പൊരുത്തപ്പെടുത്തപ്പെടുന്നതിനും ഈ മാറ്റം ഗുണം ചെയ്യുമെന്നും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാല് വര്‍ഷത്തെ പഠനങ്ങള്‍, രാജ്യത്തിന്റെ സാമൂഹിക രീതികളിലുണ്ടായ പരിണാമം, പൊതുജനാഭിപ്രായങ്ങള്‍ എന്നിവ വിശദമായി പഠിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും അധികൃതര്‍ അറിയിച്ചു. 2022ല്‍ ശനി ഞായര്‍ ദിവസങ്ങളിലേക്ക് വാരാന്ത്യം മാറ്റുകയും വെള്ളിയാഴ്ച ഉച്ചവരെ മാത്രം ജോലി സമയമായി നിശ്ചയിക്കുകയും ചെയ്തപ്പോള്‍ പ്രാര്‍ത്ഥനാ സമയം ഉച്ചയ്ക്ക് 1.15 ന് ക്രമീകരിച്ചിരുന്നു. എന്നാല്‍ ഈ മാറ്റം സ്‌കൂള്‍ ഷെഡ്യൂളുകളുകള്‍ ഉള്‍പ്പെടെയുള്ളവയുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടാതെ വന്നതോടെ നിരവധി ആളുകള്‍ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അറിയിപ്പില്‍ പറയുന്നു. കുടുംബ ഐക്യം ശക്തിപ്പെടുത്തുന്നതിനും കുടുംബ ഒത്തുചേരലുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ മാറ്റമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: UAE changed Friday prayer timings for social, not religious reasons, says official

To advertise here,contact us