കോര്പ്പറേറ്റ്, ബിസിനസ് നികുതി നിയമങ്ങളില് ഭേദഗതികള് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. കോര്പ്പറേറ്റ് നികുതി കണക്കാക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള വ്യവസ്ഥകള് വ്യക്തമാക്കുന്നതാണ് പുതിയ ഭേദഗതി. ഇന്ന് രാവിലെയാണ് കോര്പ്പറേറ്റ്, ബിസിനസ് നികുതി സംബന്ധിച്ച നിയമത്തില് യുഎഇ സര്ക്കാര് ഭേദഗതികള് പ്രഖ്യാപിച്ചത്. കോര്പ്പറേറ്റ് നികുതി കണക്കാക്കുന്നതിനൊപ്പം നികുതികള് അടക്കുന്നതിനുമുളള വ്യവസ്ഥകളാണ് പുതിയ ഭേഗഗതിയില് ഉള്പ്പെടുത്തിയിരിക്കുന്നത്.
യുഎഇയിലെ ബിസിനസുകാർക്ക് കോര്പ്പറേറ്റ് ടാക്സ് കണക്കാക്കുന്നതില് വ്യക്തത നല്കുന്നതാണ് പുതിയ ഭേദഗതി. വിത്തൗട്ട് ടാക്സ് ക്രഡിറ്റ്, ഫോറിന് ടാക്സ് ക്രഡിറ്റ് എന്നിവ ഏത് ക്രമത്തില് ഉപയോഗിക്കണമെന്ന നിയമം വ്യക്തമാക്കുന്നതോടെ ടാക്സ് കണക്കുകളില് ഉണ്ടായിരുന്ന ആശയക്കുഴപ്പം കുറയും. വിദേശ വരുമാനമുള്ള കമ്പനികള്ക്കും ക്രോസ്-ബോര്ഡര് ഇടപാടുകളുള്ള സ്ഥാപനങ്ങള്ക്കും ഇന്സെന്റീവുകളോ റിലീഫുകളോ ലഭിക്കുന്ന ബിസിനസുകള്ക്കുമായിരിക്കും പ്രധാനമായും ഇതിൻ്റെ പ്രയോജനം ലഭിക്കുക. അതോടൊപ്പം, ഉപയോഗിക്കാനാകാതെ ശേഷിക്കുന്ന ടാക്സ് ക്രെഡിറ്റുകള്ക്ക് പണം ആവശ്യപ്പെടാനുള്ള അവകാശവും ചില കമ്പനികള്ക്ക് ഗുണമായി മാറാനും സാധ്യതയുണ്ട്.
അടുത്ത വര്ഷം ജനുവരി മുതല് പുതിയ നികുതി നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് പുതിയ ഭേഗതി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വാറ്റ് നിയമവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നേരത്തെ തന്നെ ഭരണകൂടം നടത്തിയിരുന്നു. നടപടിക്രമങ്ങള് ലളിതമാക്കി നികുതി സംവിധാനം വികസിപ്പിക്കുന്നതിനും ഭരണപരമായ കാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്. ഇതിന് സമാനമായ രീതിയിലാണ് കോര്പ്പറേറ്റ്, ബിസിനസ് നികുതി നിയമങ്ങളില് ഭേദഗതികളെന്നും വിലയിരുത്തപ്പെടുന്നു.
Content Highlights: UAE government announces amendments to corporate and business tax laws