യുഎഇ, ഒമാൻ ദേശീയ ദിനാഘോഷങ്ങൾ; ഹത്ത അതിർത്തിയിൽ ഉണ്ടായത് യാത്രക്കാരുടെ റെക്കോർഡ് തിരക്ക്

യുഎഇയുടെ 54-ാം ദേശീയ ദിനത്തിന്റെയും ഒമാന്റെ 55-ാം ദേശീയ ദിനത്തിന്റെയും അവധി അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വര്‍ദ്ധിച്ചത്

യുഎഇയുടെയും ഒമാന്റെയും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ ഹത്ത അതിര്‍ത്തിയില്‍ യാത്രക്കാരുടെ റെക്കോര്‍ഡ് തിരക്ക്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ രണ്ട് വരെ ഒന്നര ലക്ഷത്തോളം പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎഇയുടെ 54-ാം ദേശീയ ദിനത്തിന്റെയും ഒമാന്റെ 55-ാം ദേശീയ ദിനത്തിന്റെയും അവധി അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വര്‍ദ്ധിച്ചത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ രണ്ട് വരെ 1,45,265 പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് അറിയിച്ചു.

യുഎഇയില്‍ നിന്നുള്ള നിരവധി ആളുകളാണ് അവധി ആഘോഷങ്ങള്‍ക്കായി റോഡ് മാർഗം ഒമാനിലേക്ക് പോയത്. ഒമാനില്‍ നിന്നുള്ള നിരവധി കുടുംബങ്ങളും യുഎഇയില്‍ എത്തി. അവധി ദിവസങ്ങളില്‍ ഉണ്ടായ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജിഡിആര്‍എഫ്എ നടപ്പാക്കിയ സനദ് ടീം പ്ലാന്‍ വലിയ വിജയമായതായും അധികൃതര്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്തതിലൂടെ യാത്രക്കാര്‍ക്ക് തടസമില്ലാത്ത സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ പെട്ടെന്നുള്ള ഉയര്‍ച്ച നേരിടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ സഹായകമായതായും സേവന നിലവാരത്തെയോ സമയക്രമത്തെയോ ഇത് ബാധിച്ചില്ലെന്നും ഡി ആര്‍ എഫ് എ ദുബായ് മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ പറഞ്ഞു. ഏത് തിരക്കുള്ള സാഹചര്യത്തെയും നേരിടാനുളള സംവിധാനങ്ങള്‍ സജ്ജമാണെന്നും ജിഡിആര്‍എഫ്അ അറിയിച്ചു.

Content Highlights: GDRFA Dubai processes 145000 travellers at Hatta crossing

To advertise here,contact us