ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ പതിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്ന് ഷാര്‍ജ പൊലീസ്

നിശ്ചിത സമയ പരിധിക്ക് ശേഷവും സ്റ്റിക്കറുകള്‍ നീക്കം ചെയ്യാത്ത വാഹന ഉടമകള്‍ നിയമ നടപടി നേരിടേണ്ടി വരും

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ പതിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്ന് ഷാര്‍ജ പൊലീസ്. സ്റ്റിക്കറുകള്‍ നീക്കം ചെയ്യാത്തത് നിയമ ലംഘനമായി കണക്കാക്കുമെന്നും പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. ദേശീയ ദിനാഘോഷത്തിനിടെ ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങളും ഷാര്‍ജ പൊലീസ് പിടിച്ചെടുത്തിരുന്നു.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളില്‍ പതിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യാന്‍ നാളെ വരെയാണ് ഷാര്‍ജ പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്. ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് ആണ് ഇത് സംബന്ധിച്ച നിര്‍ദേശം വാഹന ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്. നിശ്ചിത സമയ പരിധിക്ക് ശേഷവും സ്റ്റിക്കറുകള്‍ നീക്കം ചെയ്യാത്ത വാഹന ഉടമകള്‍ നിയമ നടപടി നേരിടേണ്ടി വരും. ഇത്തരം വാഹന ഉടമകള്‍ക്ക് പിഴയും ചുമത്തും.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗതാഗത നിയമങ്ങള്‍ ലംഘിച്ച നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 106 വാഹനങ്ങളും ഒമ്പത് മോട്ടോര്‍ ബൈക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. അമിതമായ ശബ്ദം സൃഷ്ടിക്കല്‍, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, അശ്രദ്ധവും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി. ചില മോട്ടോര്‍ വാഹന ഉടമകള്‍ക്ക് സാധുവായ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

Content Highlights: Sharjah Police: Remove UAE National Day stickers by December 6 or pay fines

To advertise here,contact us