അബുദബിയിലെ പ്രധാന റോഡുകളില് ഗതാഗത നിയന്ത്രണം. ഇതിന്റെ ഭാഗമായി ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് സ്ട്രീറ്റില് നിയന്ത്രണം ഏര്പ്പെടുത്തി. ഒമ്പതാം തീയതി മുതല് മറ്റ് പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തുമെന്ന് അബുദബി മൊബിലിറ്റി അറിയിച്ചു. റോഡ് അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് താല്ക്കാലിക നിയന്ത്രണം.
അബുദബിയിലെ രണ്ട് പ്രധാന റോഡുകളിലാണ് ഗതാഗത നിയന്ത്രണം. ഷെയ്ഖ് സായിദ് ബിന് സുല്ത്താന് സ്ട്രീറ്റില് ഈ മാസം ഒമ്പത് ചൊവ്വാഴ്ച മുതല് ഡിസംബര് 22 തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഏര്പ്പെടുത്തുക. ഷെയ്ഖ് സായിദ് പാലത്തിന് സമീപമുള്ള നിരവധി പാതകള് ഘട്ടം ഘട്ടമായി അടച്ചിടും. ഡിസംബര് ഒമ്പതിന് പുലര്ച്ചെ 12 മുതല് ഡിസംബര് 15ന് രാത്രി 10 വരെ ഇടതുവശത്തെ പാതകള് അടച്ചിടും. ഡിസംബര് 15ന് രാത്രി 10 മണി മുതല് ഡിസംബര് 22 ന് രാവിലെ ആറ് മണി വരെ വലതുവശത്തെ രണ്ട് പാതകളും അടയ്ക്കും.
ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് സ്ട്രീറ്റില് ഇന്ന് വൈകുന്നേരം അഞ്ച് മണിമുതല് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി. ഗതാഗതം കൂടുതല് സുഗമവും സുരക്ഷിതവുമാക്കുന്നതിനായി നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് താത്ക്കാലിക ഗതാഗത നിയന്ത്രണം. പൊതുജനങ്ങള് യാത്രകള് മുന്കൂട്ടി ആസൂത്രണം ചെയ്യണമെന്നും ബദല് പാതകള് തെരഞ്ഞെടുക്കണമെന്നും അബുദബി മൊബിലിറ്റി നിര്ദേശിച്ചു. ഡ്രൈവര്മാര് വേഗത കുറച്ച് വാഹനം ഓടിക്കണമെന്നും വഴിതിരിച്ചുവിടല് നിര്ദേശങ്ങള് പാലിക്കണമെന്നും നിര്ദേശത്തില് പറയുന്നു.
Content Highlights: Partial road closures announced in Abu Dhabi