ബാങ്ക് അക്കൗണ്ട് ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്തൽ; കനത്ത ശിക്ഷ വിധിച്ച് ദുബായ് കോടതി

ഇയാളുടെ അക്കൗണ്ടിലെ മുഴുവന്‍ തുകയും കണ്ടുകെട്ടും

മയക്കുമരുന്ന് കടത്തിന് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴ വിധിച്ച് ദുബായ് കോടതി. അക്കൗണ്ടിലെ മുഴുവന്‍ തുകയും കണ്ടുകെട്ടാനും കോടതി നിര്‍ദേശിച്ചു. അക്കൗണ്ടിലൂടെ പണം കൈമാറുന്നതിനും നിക്ഷേപിക്കുന്നതിനും രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്കെതിരെയും കോടതി നിയമ നടപടി സ്വീകരിച്ചു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പണം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ അനുവദിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് കോടതിയുടെ നടപടി. മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ഏഷ്യന്‍ വംശജന് കോടതി വിധിച്ച ശിക്ഷ. തടവ് ശിക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇയാളുടെ അക്കൗണ്ടിലെ മുഴുവന്‍ തുകയും കണ്ടുകെട്ടും.

യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റുള്ളവര്‍ക്ക് നേരിട്ടോ ഇടനിലക്കാര്‍ വഴിയോ പണം കൈമാറുന്നതിനും നിക്ഷേപിക്കുന്നതിനും വിലക്കുണ്ട്. നാല് ഏഷ്യന്‍ പൗരന്മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും ദുബായിലെ ഒരു വസതിയില്‍ അത് സൂക്ഷിച്ചിരിക്കുന്നതുമായുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റി-നാര്‍ക്കോട്ടിക്‌സ് വിഭാഗം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരവും ഉപകരണങ്ങളും കണ്ടെത്തിയത്. വാഹനങ്ങളില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍, ഒരു പ്രതി ഏഷ്യന്‍ വിതരണക്കാരനില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് സമ്മതിച്ചു.

മറ്റൊരാള്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നുള്ള പണം യുഎഇ ആസ്ഥാനമായുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. മയക്കുമരുന്ന് ഉപയോഗിച്ചതായും പ്രതി സമ്മതിച്ചു. എന്നാല്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ തനിക്ക് പങ്കില്ലെന്നും തന്റെ ബാങ്ക് കാര്‍ഡ് മറ്റൊരാള്‍ക്ക് കടം കൊടുകൊടുക്കുകയായിരുന്നു എന്നും പ്രതി വാദിച്ചെങ്കിലും കോടതി അത് തള്ളിക്കളഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Content Highlights: Man jailed, fined Dh100,000 for using bank account for drug trafficking

To advertise here,contact us