ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇന്ഡിഗോ എയര്ലൈന്സ് വിമാനങ്ങളുടെ റദ്ദാക്കലും വൈകിയുള്ള സര്വീസും പ്രവാസികളെയും പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യയില് നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി സര്വീസുകള്ക്ക് മണിക്കൂറുകളോളം കാലതാമസം നേരിടുകയും ഒട്ടേറെ സര്വീസുകള് റദ്ദാക്കുകയും ചെയ്തതോടെ വിമാനത്താവളങ്ങളില് യാത്രക്കാരുടെ പ്രതിഷേധവും ശക്തമാണ്. നാളെ മുതല് മികച്ച സേവനം ഉറപ്പാക്കാന് ശ്രമിക്കുമെന്ന് ഇന്ഡിഗോ അറിയിച്ചു.
ജീവനക്കാരുടെ കുറവും ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് ഏര്പ്പെടുത്തിയ പൈലറ്റുമാര്ക്കുള്ള പുതിയ ഡ്യൂട്ടി സമയപരിധിയും മൂലം ഇന്ഡിഗോ എയര് ലൈന് കൂട്ടത്തോടെ വിമാനങ്ങള് റദ്ദാക്കിയതും നിരവധി വിമാനങ്ങളുടെ വൈകലും മൂലം പ്രവാസികള് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയില് നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള ഒട്ടേറെ സര്വീസുകളാണ് ഇന്ഡിഗോ റദ്ദാക്കിയത്. നിരവധി വിമാനങ്ങള് പുറപ്പെടുന്നതാകട്ടെ മണിക്കൂറുകള് വൈകിയും. പലപ്പോഴും വിമാനത്താവളങ്ങളില് മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് യു.എ.ഇയിലെ താമസക്കാര് ഉള്പ്പെടെയുളളവര്. ഇത് പലപ്പോഴും യാത്രക്കാരുടെ പ്രതിഷേധങ്ങള്ക്കും കാരണമാകുന്നുണ്ട്.
ഡല്ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഇന്ത്യന് നഗരങ്ങളില് നിന്നുള്ള നൂറുകണക്കിന് ഇന്ഡിഗോ വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില് റദ്ദാക്കിയത്. ഇതിന്റെ പ്രതിഫലനം യുഎഇ റൂട്ടുകളിലും ശക്തമായി അനുഭവപ്പെട്ടു. ദുബായ് എയര്പോര്ട്ടിലെ ലൈവ് ഫ്ലൈറ്റ് ട്രാക്കര് വിവരങ്ങള് അനുസരിച്ച്, ഡല്ഹി, പൂനെ, ഹൈദരാബാദ്, സൂറത്ത് തുടങ്ങിയ ഇന്ത്യന് നഗരങ്ങളില് നിന്നുള്ള ഭൂരിഭാഗം ഇന്ഡിഗോ വിമാനങ്ങള്ക്കും മണിക്കൂറുകളോളം കാലതാമസം നേരിട്ടു.
ഡല്ഹിയില് നിന്ന് ദുബായിലേക്കുള്ള ഒരു സര്വീസ് ആറ് മണിക്കൂറുലേറെയണ് വൈകിയത്. അവധിക്ക് നാട്ടില് പോയ പലര്ക്കും തിരിച്ചെത്താനാകാത്ത സാഹചര്യമാണ് നിലവിലുളളത്. എയര്ലൈനുകള്ക്കായി പുറപ്പെടുവിച്ച നിര്ദേശങ്ങള് ഡിജിസിഎ പിന്വലിച്ചെങ്കിലും സര്വീസുകള് സാധാരണ നിലയിലാകാന് ഇനിയും ദിവസങ്ങള് എടുക്കുമെന്നാണ് വിലയിരുത്തല്. പ്രശ്നം പരിഹരിക്കാന് ത്രിതല നടപടികള് സ്വീകരിച്ചതായും നാളെ മുതല് മികച്ച സേവനം ഉറപ്പാക്കാന് ശ്രമിക്കുമെന്നും ഇന്ഡിഗോ അറിയിച്ചു. ഈ മാസം പത്തിനും 15 നും ഇടയില് സര്വീസുകള് പൂര്വസ്ഥിതിയിലേക്ക് എത്തിക്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇന്ഡിഗോ സിഇഒ വ്യക്തമാക്കി.
Content Highlights: IndiGo Delays & Cancellations Crisis Hits Expats.