യുഎഇയുടെ ചരിത്രവും പാരമ്പര്യവും അടുത്തറിയാന് താമസക്കാര്ക്കും സഞ്ചാരികള്ക്കും അവസരം. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സമര്പ്പിച്ച സായിദ് നാഷണല് മ്യൂസിയത്തിലാണ് വേറിട്ട കാഴ്ചകള് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന് സുല്ത്താന് അല് നഹ്യാന് രാജ്യത്തിന്റെ സ്മരണാഞ്ജലിയായി ഒരുക്കിയ മ്യൂസിയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനാണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
അബുദാബിയിലെ സാദിയാത് ദ്വീപില് ഫാല്ക്കണ് പക്ഷികളുടെ ചിറകുകളുടെ മാതൃകയിലാണ് സായിദ് നാഷണല് മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് ലക്ഷം വര്ഷത്തെ ചരിത്രവും രാഷ്ടപിതാവ് ഷെയ്ഖ് സായിദിന്റെ ജീവിത മുഹൂര്ത്തങ്ങളും മ്യൂസിയത്തില് അനാവരണം ചെയ്തിരിക്കുന്നു. വിദ്യാഭ്യാസം, പരിസ്ഥിതി, പൈതൃകം, സഹിഷ്ണുത എന്നീ വിഷയങ്ങളിലുള്ള ഷെയ്ഖ് സായിദിന്റെ വീക്ഷണങ്ങള് ഇവിടെ അടുത്തറിയാനാകും. യുഎഇ രൂപീകരിക്കുന്നതിന് മുമ്പുള്ള പ്രദേശത്തിന്റെ അവസ്ഥയും പിന്നാലെ നടന്ന പരിസ്ഥിതിയിലൂന്നിയ വികസനവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമെല്ലാം മ്യൂസിയത്തെ വേറിട്ടതാക്കുന്നു.
പുരാതന കാലത്തെ അടയാളങ്ങളും മനുഷ്യവാസത്തിന്റെ തെളിവുകളും മ്യൂസിയത്തില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കഥ പറയുന്ന രീതിയിലുള്ള അവതരണമാണ് മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകത. യുഎഇയുടെ ഭൂത, വര്ത്തമാന, ഭാവി കാലങ്ങളെ ഒരുപോലെ അടുത്തറിയാന് മ്യൂസിയം സഹായിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് പറഞ്ഞു. ഷെയ്ഖ് സായിദിന്റെ പൈതൃകം ഭാവി തലമുറകള്ക്ക് പ്രചോദനത്തിന്റെ ഉറവിടമായി നിലനിര്ത്തേണ്ടത് ദേശീയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രമ്യൂസിയത്തിന്റെ സമര്പ്പണ ചടങ്ങില് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം മുഖ്യാതിഥിയായിരുന്നു. സുപ്രീം കൗണ്സില് അംഗങ്ങളായ ഷാര്ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന് മുഹമ്മദ് അല് ഷര്ഖി, ഉമ്മുല്ഖുവൈന് ഭരണാധികാരി ഷെയ്ഖ് സൗദ് ബിന് റാഷിദ് അല് മുഅല്ല, റാസല്ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന് സഖര് അല് ഖാസിമി തുടങ്ങിയവരും ചടങ്ങിന് സാക്ഷികളായി.
Content Highlights: Zayed National Museum is open to the public in Abu Dhabi