അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് 25 മില്യണ് ദിര്ഹത്തിന്റെ ജാക്ക്പോട്ട് സമ്മാനം മലയാളിക്ക്. സൗദി അറേബ്യയില് ഗുണനിലവാര നിയന്ത്രണ സൂപ്പര്വൈസറായി ജോലി ചെയ്യുന്ന പി വി രാജനാണ് ഗ്രാന്ഡ് പ്രൈസ് സ്വന്തമാക്കിയത്. സമ്മാനത്തുക ചാരിറ്റി പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുമെന്ന് രാജന് വ്യക്തമാക്കി.
30 വര്ഷമായി സൗദി അറേബ്യയിലെ താമസക്കാരനാണ് മലയാളിയായ രാജന്. 15 വര്ഷമായി ബിഗ് ടിക്കറ്റ് സ്ഥിരമായി എടുക്കുന്നുണ്ട്. നവംബര് 9ന് വാങ്ങിയ 282824 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് 25 മില്യണ് ദിര്ഹത്തിന്റെ ഗ്രാന്റ് പ്രൈസ് രാജനെ തേടിയെത്തിയത്. അപ്രതീക്ഷിത ഭാഗ്യം ലഭിച്ചതില് അതീവ സന്തോഷമുണ്ടെന്നായിരുന്നു 52 കാരനായ രാജന്റെ പ്രതികരണം. സമ്മാനത്തിന് അര്ഹമായ ടിക്കറ്റ് ഗ്രൂപ്പായാണ് വാങ്ങിയതെന്നും സമ്മാനത്തുക സഹപ്രവര്ത്തകരുമായി പങ്കിടുമെന്നും രാജൻ പറഞ്ഞു.
സ്വന്തം വിഹിതത്തിന്റെ വലിയൊരു ശതമാനം തുക ചാരിറ്റി പ്രവര്ത്തനത്തിനായി വിനിയോഗിക്കാനാണ് രാജന്റെ തീരുമാനം. കുടുംബത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാന് ചെറിയ വിഹിതം ഉപയോഗിക്കുമെന്നും രാജന് കൂട്ടിച്ചേര്ത്തു. ഗ്രാന്ഡ് പ്രൈസിന് പുറമേ, പത്ത് ഭാഗ്യശാലികള്ക്ക് ഒരു ലക്ഷം ദിര്ഹം വീതം ആശ്വാസ സമ്മാനങ്ങളും ലഭിച്ചു.
കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്ഡ് പ്രൈസ് ജേതാവായ ശരവണന് വെങ്കിടാചലവും നടുക്കെടുപ്പിനായി എത്തിയിരുന്നു. 30 മില്യണ് ദിര്ഹത്തിന്റെ നറുക്കെടുപ്പോടെയാണ് ബിഗ് ടിക്കറ്റ് 2026 ന് തുടക്കം കുറിക്കുന്നത്. ജനുവരി മൂന്നിന് വിജയിയെ പ്രഖ്യാപിക്കും. 50,000 ദിര്ഹം വീതമുള്ള അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഈ പ്രമോഷനില് ഉണ്ടായിരിക്കും. അതിനിടെ ഈ മാസം നടക്കുന്ന ആഴ്ചതോറുമുള്ള ഇ-ഡ്രോകളില് അഞ്ച് ഭാഗ്യശാലികള്ക്ക് 1,00,000 ദിര്ഹം സമ്മാനമായി ലഭിക്കും.
Content Highlights: Rajan PV is the winner of Abu Dhabi Big Ticket