പ്രധാന റോഡുകളിലെ അപകട ദൃശ്യങ്ങളുമായി മുന്നറിയിപ്പ്; അശ്രദ്ധമായി വാഹനം ഓടിക്കരുതെന്ന് അബുദാബി പൊലീസ്

പ്രധാന റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളും പൊലീസ് ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെ പങ്കുവച്ചു

അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്. അബുദാബിയിലെ പ്രധാന റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗതാഗത നിയമങ്ങള്‍ പാലിച്ച് എല്ലാവരും വാഹനം ഓടിക്കണമെന്നും നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ഡ്രൈവിംഗിനിടയിലെ ഫോണ്‍ ഉപയോഗം, അമിത വേഗത, അശാസ്ത്രീയമായ ലൈന്‍ മാറ്റം എന്നിവയാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഒരാളുടെ അശ്രദ്ധ റോഡിലെ മറ്റ് വാഹന യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുമെന്ന് പൊലീസ് പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. അബുദാബിയിലെ പ്രധാന റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളും പൊലീസ് ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെ പങ്കുവച്ചു.

തിരക്കേറിയ റോഡില്‍ അമിത വേഗതയില്‍ വരുന്ന ഒരു കാര്‍ മുന്നിലുളള മറ്റൊരു വാഹനത്തില്‍ ഇടിക്കുന്നതാണ് ആദ്യ ദൃശ്യത്തിലുളളത്. ഒന്നിലധികം വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടുന്നത്. ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് രണ്ടാമത്തെ അപകടത്തിനും കാരണം. ഒരു കാര്‍ മാറ്റൊരു വാഹനത്തില്‍ ഇടിക്കുന്നതും പിന്നാലെ വരുന്ന മറ്റ് വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും മരണത്തിനോ ഗുരുതരമായ പരുക്കുകള്‍ക്കോ കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യരുതെന്നും ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിയമ ലംഘകര്‍ക്ക് 800 ദിര്‍ഹം വരെ പിഴ ഈടാക്കും. ഇതിന് പുറമെ ലൈസന്‍സില്‍ നാല് ബ്ലോക്ക് പോയിന്റുകളും ചുമത്തും.

Content Highlights: Abu Dhabi Police issue video footage and warned for reckless driving

To advertise here,contact us