'വേര്‍പിരിഞ്ഞെങ്കിലും ആ മൃതദേഹത്തെ കൈവിട്ടില്ല, ഇതാണ് ഒരു പെണ്ണിന്റെ മനസ്'; വൈറല്‍ കുറിപ്പ്

വൈകാരികമായ കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മറ്റൊരു കുറിപ്പുകൂടി വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചിരിക്കുകയാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ ഒരു മനുഷ്യന്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്തത് മുൻ ഭാര്യയാണെന്ന് പറയുകയാണ് അഷ്‌റഫ് തന്റെ കുറിപ്പില്‍. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്യാനെത്തിയ ആ സ്ത്രീയില്‍ യാതൊരു വെറുപ്പോ വിദ്വേഷമോ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. ഇതാണ് ഒരു പെണ്ണിന്റെ മനസെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട ഒരു മൃതദേഹത്തിന്റെ അവസ്ഥ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇദ്ദേഹം ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു, വേറെ വിവാഹം കഴിച്ചതുമില്ല. ഇതുപോലെതന്നെ ഇദ്ദേഹത്തില്‍നിന്നും വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയും വേറെ വിവാഹം കഴിച്ചതുമില്ല. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞയുടനെ അദ്ദേഹത്തോട് യാതൊരു വെറുപ്പോ വിദ്വേഷമോ ഒന്നും കാണിക്കാതെ ആ മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള എല്ലാ ഏര്‍പ്പാടുകളും ആ സ്ത്രീ ചെയ്തു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞു നിന്നതാണെങ്കില്‍കൂടി ഭര്‍ത്താവിനോടുള്ള കടമകള്‍ ആ സ്ത്രീ നിര്‍വഹിച്ചു. അതാണ് ഒരു പെണ്ണിന്റ മനസ്സ്.

എല്ലാ ഭര്‍ത്താക്കന്മാരും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുയുണ്ട്, ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ക്കിടയില്‍ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടാവാം എങ്കിലും അതൊന്നും ഒരു ബന്ധം വേര്‍പിരിയാനായി എടുത്തുചാടരുത്. ഭാര്യ എന്ന സ്ത്രീയെക്കൂടി ഭര്‍ത്താവായ പുരുഷന്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരുപാട് മോഹങ്ങളും സ്വാപ്നങ്ങളും കണ്ടുനടന്നവള്‍ ഒരുനാള്‍ തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞ്, നാടും വീടും ഉപേക്ഷിച്ചു ഹൃദയം മുറിയുന്ന വേദനയുമായി കളിച്ചു വളര്‍ന്ന സ്വന്തം വീട്ടില്‍നിന്നും പടിയിറങ്ങുമ്പോള്‍ തന്റെ രക്ഷിതാവിനെ പിരിഞ്ഞ് വന്നപ്പോ അവള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഭര്‍ത്താവ് അവള്‍ക്ക് ഒരു രക്ഷിതാവാകുമെന്ന്? ഭര്‍ത്താവിന്റെ കൈ പിടിച്ചപ്പോ ഒരു സുരക്ഷിതത്വം നീ അവള്‍ക്ക് എന്നും ഒരു താങ്ങാകും എന്നൊക്കെ അവള്‍ പ്രതീക്ഷിക്കും. അതുവരെ സ്വരുകൂട്ടി വച്ച മുഴുവന്‍ സ്‌നേഹവും പ്രണയവുമെല്ലാം ഒരു കളങ്കവുമില്ലാതെ നിനക്ക് തരുന്നവളാണ് ഭാര്യ.പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടാവാം, ഇഷ്ടമുള്ളിടത്തെ ഈ വികാരങ്ങളൊക്കെ ഉണ്ടാവൂ. ഒരായുസ്സ് മുഴുവനും നിനക്കായ് നല്‍കേണ്ടവളാണ് ഭാര്യ. കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ..

Content Highlights: Heart touching fb post of Ashraf Thamarassery

To advertise here,contact us