ദേശീയ ദിനം: അവധി പ്രഖ്യാപിച്ച് യുഎഇ, വാരാന്ത്യമുൾപ്പടെ നാല് ദിവസത്തെ അവധി

സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് അവധി ലഭിക്കും

ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് യുഎഇ. വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി യുഎഇ ഭരണകൂടമാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം.

യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിൽ ഇത്തവണ രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഫലത്തില്‍ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ മൂന്നിന് പ്രവര്‍ത്തി ദിനം പുനഃരാരംഭിക്കും.

സ്വകാര്യമേഖല നേരത്തെ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലായിരുന്നു ദേശീയ ദിനത്തിന്റെ ഭാഗമായി അവധി നല്‍കിയിരുന്നത്. ഇതാണ് ഇത്തവണ ഒന്ന്, രണ്ട് തീയതികളിലേക്ക് മാറ്റിയിരിക്കുന്നത്. ദേശീയ ദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളും യുഎഇയില്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും ആഘോഷത്തില്‍ പങ്കാളികളാകും. സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, പരേഡുകള്‍, വിനോദ പരിപാടികള്‍ എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും. ഗ്ലോബല്‍ വില്ലേജിലും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ട് ഉള്‍പ്പെടെയുളള പരിപാടികള്‍ ഒരുക്കും.

ഇത്തവണ നീണ്ട അവധി ദിനങ്ങള്‍ ലഭിക്കുന്നതില്‍ ആഘോഷങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ താമസക്കാര്‍ക്ക് കഴിയും. 1971 ഡിസംബര്‍ രണ്ടിന് ഏഴ് എമിറേറ്റുകള്‍ സംയോജിച്ച് യുഎഇ രൂപീകരിച്ച ചരിത്ര നിമിഷത്തിന്റെ ഓര്‍മ പുതുക്കിക്കൊണ്ടാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് ദേശീയ ദിനം ആഘോഷിക്കുന്നത്.

Content Highlights: UAE declares holiday to mark National Day

To advertise here,contact us