തിരുവനന്തപുരം: കേരളത്തിന്റെ അതി ദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാന് മുബാറക്. ഇത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവര്ക്ക് പിന്തുടരാവുന്ന മാതൃകയാണെന്നും നഹ്യാന് മുബാറക് പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്ത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഷെയ്ഖ് നഹ്യാന്റെ പുകഴ്ത്തല്. ഹൃദയത്തില് നിന്നുള്ള വാക്കുകളാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. നേരത്തെ കേരളത്തെ അഭിനന്ദിച്ച് ചൈനയും രംഗത്ത് വന്നിരുന്നു. അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ ചരിത്രപരമായ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര് സൂ ഫെഹോങ് പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പമുള്ള സംസ്ഥാന സര്ക്കാരിന്റെ പോസ്റ്റര് പങ്കുവെച്ചായിരുന്നു അഭിനന്ദന കുറിപ്പ്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ ചരിത്ര പുസ്തകത്തില് പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞത്.
അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നില് നാം ഇന്ന് അഭിമാനത്തോടെ തല ഉയര്ത്തി നില്ക്കുകയാണ്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കല്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചടങ്ങിലെ വിശിഷ്ടാതിഥിയായ മമ്മൂട്ടിക്ക് അതിദാരിദ്ര്യ നിര്മ്മാര്ജ്ജന റിപ്പോര്ട്ട് നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
Content Highlights: UAE minister praises Kerala for declaring free from extreme poverty