യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ ലഭ്യമാകുന്നു. ഓൺലൈനായാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ തന്നെ പ്രവാസികൾ ഇ-പാസ്പോർട്ടുകൾ സ്വന്തമാക്കേണ്ടതില്ല. നിലവിലുള്ള പാസ്പോർട്ട് അതിന്റെ കാലാവധി കഴിയും വരെ കൈവശം വെയ്ക്കാമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചിപ്പിൽ വ്യക്തികളുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കും. https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന ലിങ്ക് വഴിയാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകിയതിന് ശേഷം, അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും വേണം.
പാസ്പോർട്ടിന്റെ മുൻവശത്ത് താഴെയായി അച്ചടിച്ച ഒരു ചെറിയ അധിക സ്വർണ്ണനിറത്തിലുള്ള ചിഹ്നമായിരിക്കും ഇ-പാസ്പോർട്ട് കാഴ്ചയിൽ തിരിച്ചറിയാനുള്ള അടയാളം. യുഎഇയിലെ എല്ലാ പാസ്പോർട്ട് ഓഫീസുകളിലും എംബസികളിലും ഇ-പാസ്പോർട്ട് ലഭ്യമാക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. യുഎഇയിൽ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയിരുന്നു.
Content Highlights: Indian ePassport with chip in UAE