യുഎഇയിൽ ഇൻഫ്‌ളുവൻസർമാർക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമുള്ള അഡ്വർടൈസർ പെർമിറ്റ് എടുക്കാനുള്ള സമയപരിധി നീട്ടി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സുതാര്യത കൊണ്ട് വരുന്നതിനായാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് നാഷണല്‍ മീഡിയ കൗണ്‍സില്‍ നേരത്തെ പുറത്തിറക്കിയത്

യുഎഇയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും ഏര്‍പ്പെടുത്തിയ അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് എടുക്കുന്നതിനുളള സമയ പരിധി നീട്ടി. മീഡിയ കൗണ്‍സിലിന്റെ പുതിയ തീരുമാനപ്രകാരം അടുത്തവര്‍ഷം ജനുവരി 31 വരെ പെര്‍മിറ്റിനായി അപേക്ഷിക്കാനാകും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സുതാര്യത കൊണ്ട് വരുന്നതിനായാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് നാഷണല്‍ മീഡിയ കൗണ്‍സില്‍ നേരത്തെ പുറത്തിറക്കിയത്. ഈ മാസം അവസാനം പെര്‍മിറ്റ് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് ഇപ്പോള്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്.

പുതിയ ഉത്തരവ് പ്രകാരം അടുത്ത വര്‍ഷം ജനുവരി 31ന് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് സ്വന്തമാക്കിയാല്‍ മതിയാകും. യുഎഇയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ പണം നല്‍കിയോ അല്ലാതെയോ പരസ്യങ്ങള്‍ പങ്കിടുന്ന എല്ലാവരും അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് നിയമം. സോഷ്യല്‍ മീഡിയയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഡിജിറ്റല്‍ പരസ്യങ്ങളില്‍ സുതാര്യത, പ്രൊഫഷണലിസം, ഉപഭോക്തൃ സംരക്ഷണം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. ഒരു വര്‍ഷമായിരിക്കും പെര്‍മിറ്റിന്റെ കാലാവധി. കാലാവധി കഴിഞ്ഞതിന് ശേഷം മുപ്പത് ദിവസത്തിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കപ്പെടും. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് യുഎഇ സ്വീകരിച്ചുവരുന്നത്.

സോഷ്യല്‍ മീഡിയകളില്‍ നിലവാരം കുറഞ്ഞ കണ്ടന്റ് കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊതു ജനങ്ങള്‍ക്ക് അവസരം ഉണ്ട്. ഇതിനായി അമെന്‍ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇ മീഡിയ കൗണ്‍സില്‍ പുറത്തിറക്കി. സുരക്ഷിതമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.Content Highlights: UAE extends deadline for influencers and online platforms to obtain advertiser permits

To advertise here,contact us