'ശബരിമല സ്വർണ മോഷണം, പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും'; പി രാജീവ്

'കേരളത്തിലെ കോൺ​ഗ്രസിന് വിശ്വാസം സ്വന്തം കേന്ദ്ര നേതൃത്വം വിമര്‍ശിക്കുന്ന സിബിഐയെയാണ്'

ശബരിമല സ്വര്‍ണ മോഷണത്തിന് പിന്നില്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. 'ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അതിനേക്കാൾ വിശ്വാസ്യത സിബിഐക്കുണ്ടെന്നാണ് കോൺ​ഗ്രസ് പറയുന്നത്. കേരളത്തിലെ കോൺ​ഗ്രസിന് വിശ്വാസം സ്വന്തം കേന്ദ്ര നേതൃത്വം വിമര്‍ശിക്കുന്ന സിബിഐയെയാണ്. ഈ ആവശ്യത്തിൽ വൈരുധ്യമുണ്ട്.' ശരിയായ രൂപത്തിൽ അന്വേഷണം മുന്നോട്ടുപോകുമെന്നും മന്ത്രി പ്രതികരിച്ചു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ നിക്ഷേപ വാ​ഗ്ദാനങ്ങളിൽ 24 ശതമാനവും നിര്‍മാണഘട്ടത്തില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ടാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശില്‍പങ്ങള്‍ സ്വര്‍ണം പൂശി നല്‍കിയ സ്‌പോണ്‍സറായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ഇതിന് മുമ്പ് ശബരിമലയിൽ പൂജാരിയായിരും പ്രവർത്തിച്ചിട്ടുണ്ട്. ദ്വാരപാലകശില്‍പങ്ങളുടെ പീഠം കാണാനില്ലെന്ന് പരാതി നൽകിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തി. ഇതോടെയാണ് ദുരൂഹത വർദ്ധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി സംശയനിഴലിലായി. ഉണ്ണികൃഷ്ണന്റെ സാമ്പത്തിക, ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലാകുകയും ചെയ്തു.

പിന്നാലെ 1998ൽ സ്വർണം പൊതിഞ്ഞതും 2019ൽ ദ്വാരപാലക കവചങ്ങളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ സ്വർണം പൂശിയതുമടക്കം അന്വേഷണം ആരംഭിച്ചു. 2019 ൽ 40 വർഷത്തെ ഗാരന്റിയോടെ സ്വർണം പൂശിക്കൊണ്ടുവന്ന പാളികളിൽ ആറ് വർഷം കഴിഞ്ഞപ്പോൾ വീണ്ടും സ്വർണം പൂശാൻ ബോർഡ് തീരുമാനമെടുക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൊണ്ടു തന്നെ സ്വർണം പൂശിക്കണമെന്നായിരുന്നു തീരുമാനം.

ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലാണ് രണ്ട് തവണയും സ്വർണം പൂശാൻ എൽപ്പിച്ചത്. ഇവിടെ നൽകിയ സ്വർണവും പിന്നീട് ശബരിമലയിൽ തിരികെയെത്തിയ സ്വർണത്തിലെയും കണക്കുകൾ തമ്മിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ അന്വേഷണ പരിധിയിലായത്. നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലാണ്.

Content Highlights: Minister P Rajeev vows punishment for all Sabarimala gold theft culprits

To advertise here,contact us