ദുബായിയുടെ പ്രധാന ആകര്ഷകങ്ങളില് ഒന്നായ ഗ്ലോബല് വില്ലേജ് മിഴിതുറന്നു. ഗ്ലോബല് വില്ലേജിന്റെ 30-ാമത് സീസണാണ് ഇത്തവണത്തേത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വര്ണാഭമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. യുഎഇ സമയം വൈകുന്നേരം ആറ് മണിക്കാണ് അത്ഭുത കാഴ്ചകളുമായി ഗ്ലോബല് വില്ലേജിന്റെ കവാടം സഞ്ചാരികള്ക്കായി തുറന്നത്. സംഗീതവും നൃത്തവും ദൃശ്യ വിസ്മയങ്ങളുമൊക്കെ ഉദ്ഘാടന ചടങ്ങില് അണിനിരന്നു.
'എ മോര് വണ്ടര്ഫുള് വേള്ഡ്'എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പുതിയ ആകര്ഷണങ്ങള്, സംവേദനാത്മക അനുഭവങ്ങള്, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ആകര്ഷിക്കാന് രൂപകല്പന ചെയ്ത മാസ്മരിക നിമിഷങ്ങള് എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്. രാജ്യാന്തര പവിലിയനുകളിലെ തത്സമയ പ്രകടങ്ങളും വേറിട്ട അനുഭവം സമ്മാനിക്കുന്നു.
ലോകത്തിന്റെ രുചി വൈവിധ്യങ്ങളും വത്യസ്തമാര്ന്ന ഭാഷന് സങ്കല്പ്പങ്ങളുമൊക്കെ ഇവിടെ കാണാനാകും. ദീപാവലി ആഘോഷങ്ങള്ക്കും ദിവസങ്ങള്ക്കുള്ളില് ഗ്ലോബല് വില്ലേജ് വേദിയാകും. പുതുവത്സരാഘോഷവും പൊടിപൊടിക്കും. പുതിയ സീസണ് ഏറ്റവും ആവേശകരമായ അനുഭവമായിരിക്കുമെന്നാണ് അധികൃതര് വാഗ്ദാനം ചെയ്യുന്നത്. പുതിയ ആകര്ഷണങ്ങളും നവീകരിച്ച ദൃശ്യാനുഭവങ്ങളും ഇത്തവണയുണ്ട്. പൊതു അവധി ഒഴികെ ഞായര് മുതല് വ്യാഴം വരെയുള്ള ദിവസങ്ങളില് 25 ദിര്ഹമാണ് സാധാരണ ടിക്കറ്റ് നിരക്ക്. മറ്റ് ദിവസങ്ങളില് 30 ദിര്ഹം നല്കേണ്ടി വരും.
മൂന്ന് വയസിന് താഴെയുള്ള കുട്ടികള്ക്ക് പ്രവേശനം സൗജന്യമാണ്. ഇതിന് പുറമെ 65 വയസ്സിന് മുകളില് പ്രായമുള്ള മുതിര്ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്ക്കും സൗജന്യമായി പ്രവേശനം അനുവദിക്കും. 2026 മെയ് 10 വരെയാണ് ഇത്തവണ ഗ്ലോബല് വില്ലേജ് സീസണ് നീണ്ടുനില്ക്കുക.
Content Highlights: Global Village opens 30th season in Dubai with spectacular fireworks