കനത്ത മഴയും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങളിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ ഗതാഗത നിയമം ഭേദഗതി ചെയ്തു. വെള്ളക്കെട്ടുള്ള താഴ്വാരങ്ങളിലേക്ക് വാഹനമോടിച്ച് പോവുകയോ മുന്നറിയിപ്പുകൾ അവഗണിക്കുകയോ ചെയ്യുന്നവർക്ക് കനത്ത പിഴയും തടവും ലഭിക്കും. ഒരു വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം പിഴയോ രണ്ടും കുടിയോ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴ, പൊടിക്കാറ്റ്, മഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥകളിൽ ഡ്രൈവർമാർ സുരക്ഷാ ഉറപ്പാക്കണം. വാഹനങ്ങളിൽ പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും ടോർച്ചും ഉൾപ്പെടെ അത്യാവശ്യ വസ്തുക്കൾ കരുതണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവെക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കിയിരിക്കുന്നത്.
അതിനിടെ യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ ലഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തണുപ്പുള്ളതും തീവ്രവുമായ മഴയാണ് കിഴക്കൻ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. കനത്ത മഴ കാരണം നിരവധി നീർച്ചാലുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.
ഇന്ന് അതിരാവിലെ അൽ ഐൻ, ദുബായിയുടെ ചില ഭാഗങ്ങൾ, ഷാർജ എന്നിവിടങ്ങളിൽ മിതമായ മഴ രേഖപ്പെടുത്തി. എന്നാൽ ദുബായ്, ഷാർജ, റാസൽഖൈമയുടെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ശക്തമായതും മിതമായതുമായ ഇടവിട്ട് പെയ്യുകയുണ്ടായി. ഈ ഭാഗങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജയുടെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ ആലിപ്പഴ വർഷവും ഉണ്ടായി.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർക്കും മഴ ബാധിച്ച പ്രദേശങ്ങളിലൂടെ വാഹനമോടിക്കുന്നവർക്കും അധികൃതർ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അപകട സാധ്യതകൾ ഒഴിവാക്കുന്നതിന് വാഹനമോടിക്കുന്നവർ സുക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അൽ-നൗഫ് പ്രദേശത്തും അബുദാബി റോഡ്-അൽ-സഫ്ര പാതയിലും മഴ തുടരുകയാണ്. നിലവിൽ ഏറ്റവും കനത്തതും തണുപ്പുള്ളതുമായ മഴ ലഭിക്കുന്ന കിഴക്കൻ മേഖലയിലെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Content Highlights: UAE Amends Traffic Law: Harsher Penalties for Bad Weather Violations