അടുത്ത വര്ഷം സര്വീസിന് തയ്യാറെടുക്കുന്ന ഇത്തിഹാദ് പാസഞ്ചര് ട്രെയിന് സര്വീസുകള്ക്കായി പ്രത്യേക മൊബൈല് ആപ്ലിക്കേഷന് പുറത്തിറക്കുന്നു. യുഎഇയിലെ പൊതുഗതാഗത സംവിധാനത്തിലൂടെയുള്ള യാത്ര കൂടുതല് എളുപ്പമാക്കാന് പുതിയ ആപ്ലിക്കേഷന് സഹായിക്കുമെന്നാണ് വിലയിരുത്തല്. എത്തിഹാദ് പാസഞ്ചര് ട്രെയിന് സര്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല് ആപ്ലിക്കേഷന് പുറത്തിരിക്കുന്നത്.
ഇത്തിഹാദ് റെയില് ശൃംഖലയെ 'സിറ്റി മാപ്പര്' ആപ്പുമായി സംയോജിപ്പിച്ചാണ് നൂതന പദ്ധതി നടപ്പിലാക്കുന്നത്. യാത്ര പുറപ്പെടുന്ന സ്ഥലം മുതല് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള എല്ലാ കണക്ഷന് സേവനങ്ങളും ആപ്പ് വഴി ബുക്ക് ചെയ്യാനാകും. ട്രെയിന് റൂട്ടുകള്, ടിക്കറ്റ് നിരക്കുകള് എന്നിവയും ആപ്പിലൂടെ ലഭ്യമാക്കും.
ട്രെയിന് യാത്ര പൂര്ത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓണ് ഡിമാന്ഡ് ടാക്സി എന്നിവയിലേക്കുള്ള തുടര്യാത്രകളും ഒരേ സമയം ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില് പാസഞ്ചര് സര്വീസിന്റെ പരീക്ഷണയോട്ടം ദിവസങ്ങള്ക്ക് മുമ്പ് വിജയകരമായി പൂര്ത്തിയാക്കിയിരുന്നു.
ദുബായില്നിന്ന് ഫുജൈറയിലേക്കായിരുന്നു പരീക്ഷണാടിസ്ഥാനത്തിലുളള ആദ്യ സര്വീസ്. മണിക്കൂറില് 200 കിലോമീറ്റര് വേഗതയുളള പാസഞ്ചര് ട്രയിനാണ് സര്വീസിനായി സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 400 പേര്ക്ക് യാത്ര ചെയ്യാനാകും. വൈഫൈ, ചാര്ജിങ് പോയിന്റുകള്, ഭക്ഷണ ശാല തുടങ്ങിയ സൗകര്യങ്ങളും ട്രെയിനില് ഒരുക്കുന്നുണ്ട്.
മരുഭൂമിയിലൂടെയും പര്വതനിരകളിലൂടെയുമുള്ള യാത്ര ജനങ്ങള്ക്ക് പുതിയ അനുഭവം സമ്മാനിക്കും. പാസഞ്ചര് ട്രെയിന് സര്വീസ് ആരംഭിക്കുന്നതോടെ എമിറേറ്റുകള് തമ്മിലുള്ള ദൂരം വലിയ തോതില് കുറയും. 105 മിനിറ്റുകൊണ്ട് അബുദബയില് നിന്ന് ഫുജൈറയില് എത്തിച്ചേരാനാകും.
Content Highlights: Etihad Airways unveils new features for website and mobile app platforms