പൊതുസ്ഥലങ്ങളിൽ നിര്‍ത്തിയിടുന്ന വൃത്തിഹീനമായ വാഹനങ്ങള്‍ കണ്ടുകെട്ടും; നടപടിയുമായി ദുബായ് പൊലീസ്

ഇത്തരത്തില്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും

പൊതു സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വൃത്തിഹീനമായ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി ദുബായ് പൊലീസ്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് എതിരെയും ദുബായ് പൊലീസ് നടപടി ശക്തമാക്കി. പൊതുസ്ഥലങ്ങളില്‍ വൃത്തിഹീനമായ നിലയില്‍ വാഹനങ്ങള്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദുബായ് പൊലീസ് നടപടി ശക്തമാക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും.

മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിട്ടും 15 ദിവസത്തിനകം വാഹനം വൃത്തിയാക്കാതിരുന്നാല്‍ അത് കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ദുബായ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതേകാലയളവില്‍ താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 വാഹന ഉടമകള്‍ക്കും മുന്നറിയിപ്പ് നോട്ടീസ് നല്‍കി. ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെയും ദുബായ് പൊലീസ് നടപടി കൂടുതല്‍ ശക്തമാക്കി.

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ 28 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി ലൈസന്‍സ് പുതുക്കാത്ത വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 6,000 ദിര്‍ഹത്തിലേറെ പിഴ ചുമത്തിയ വാഹനങ്ങളും കണ്ടുകെട്ടുമെന്ന് പൊലീസ് അറിയിച്ചു.

അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ ഷാര്‍ജ പൊലീസ് നടപടി ശക്തമാക്കുകയാണ്. കഴിഞ്ഞ മാസം അനധികൃതമായി രൂപമാറ്റം വരുത്തിയ 100 കാറുകളും 40 മോട്ടര്‍ സൈക്കിളുകളുമാണ് ഷാര്‍ജ പൊലീസ് പിടിച്ചെടുത്തത്. വാഹനങ്ങളുടെ രൂപമാറ്റവും അമിത ശബ്ദവും മറ്റ് യാത്രക്കാർ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.

Content Highlights: Dubai Police take action to confiscate unclean vehicles parked in public places

To advertise here,contact us