സഞ്ചാരികൾക്കായി വിസ്മയങ്ങളൊരുക്കി ദുബായ്; സഫാരി പാർക്കിന്റെ പുതിയ സീസണിന് തുടക്കമാകുന്നു

വൈല്‍ഡ് റൂള്‍സ് അഥവാ കാടിന്റെ നിയമം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സീസണ്‍ പ്രവര്‍ത്തിക്കുക.

ദുബായ് സഫാരി പാര്‍ക്കിന്റെ പുതിയ സീസണിന് തുടക്കമാകുന്നു. ഈ മാസം 16ന് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കും. സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് സഫാരി പാര്‍ക്ക് വീണ്ടും തുറക്കുന്നത്.

വൈല്‍ഡ് റൂള്‍സ് അഥവാ കാടിന്റെ നിയമം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സീസണ്‍ പ്രവര്‍ത്തിക്കുക. പുതിയ വിദ്യാഭ്യാസ സംരംഭങ്ങള്‍, വിപുലീകരിച്ച സന്ദര്‍ശകാനുഭവങ്ങള്‍, മൃഗങ്ങളുമായുള്ള സംവേദനാത്മക കൂടിക്കാഴ്ചകള്‍ എന്നിവയുമായിട്ടാണ് ദൂബായ് പാര്‍ക്ക് മടങ്ങിയെത്തുന്നത്.

പാര്‍ക്കിന്റെ തിരിച്ചുവരവിന്റെ ഭാഗമായി ദുബായിലെ ആകാശത്ത് ഫ്‌ലൈയിംഗ് എല്‍ഇഡി സ്‌ക്രീന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പുറമെ ഇന്നലെ മുതല്‍ ദുബായ് ഫ്രെയിം, ഖുര്‍ആനിക് പാര്‍ക്ക്, കൈറ്റ് ബീച്ച്, മിര്‍ദിഫ് അപ്ടൗണ്‍ പാര്‍ക്ക് തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളിലേക്ക് പാര്‍ക്കിന്റെ ബ്രാന്‍ഡഡ് സഫാരി ബസുകളും യാത്ര ആരംഭിച്ചു.

ഈ ബസുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പാര്‍ക്കിനെ ടാഗ് ചെയ്ത് കൊണ്ട് പങ്കുവക്കുന്നവര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നേടാനും അവസരമുണ്ട്. എക്സ്പ്ലോറര്‍ സഫാരി ടൂര്‍ പോലുള്ള ജനപ്രിയ ആകര്‍ഷണങ്ങളിലേക്ക് വേഗത്തില്‍ പ്രവേശനം നേടാന്‍ ഇത് സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വന്യജീവി അനുഭവങ്ങള്‍ തേടുന്ന ചെറിയ ഗ്രൂപ്പുകള്‍ക്കായി പ്രത്യേക ഗൈഡ് പാക്കേജുകളും സഫാരി പാര്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Dubai Safari Park to open its doors for a new season

To advertise here,contact us