ദുബായില് പുതിയ ബിസിനസ് സാധ്യതകള് തുറന്ന് സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. ഫ്രീ സോണ് കമ്പനികള്ക്ക് മെയിന് ലാന്റില് പ്രവര്ത്തിക്കാന് അനുമതി നല്കികൊണ്ടുള്ള പുതിയ ഉത്തരവ് ഭരണകൂടം പുറത്തിറക്കി. ദുബായിയുടെ വ്യാപാര മേഖലയില് വിപ്ലവകരമായ മാറ്റങ്ങള്ക്ക് ഇത് വഴിവക്കുമെന്നാണ് വിലയിരുത്തല്. കൂടുതല് വിദേശ നിക്ഷേപം ആകര്ഷിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയും.
പ്രവാസ ലോകത്തെ ബിസിനസ് സാധ്യതകള്ക്ക് പുതിയ വാതില് തുറന്നിരിക്കുകയാണ് ദുബായ് ഭരണകൂടം. ദുബായിലെ ഫ്രീസോണ് കമ്പനികള്ക്ക് ഇനി നേരിട്ട് മെയിന്ലാന്റിലും വ്യാപാരം നടത്താന് അനുമതി നല്കുന്ന നിയമാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രീസോണ് കമ്പനികള്ക്ക് പ്രാദേശിക വിപണിയില് ഇറങ്ങാനും സര്ക്കാര് കരാറുകള് നേടാനും ഉണ്ടായിരുന്ന തടസങ്ങള് ഇതോടെ ഇല്ലാതായി. എമിറേറ്റിലെ 10,000-ത്തിലേറെ ഫ്രീസോണ് കമ്പനികള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്.
ടെക്നോളജി, കണ്സള്ട്ടന്സി, ഡിസൈന്, പ്രഫഷണല് സേവനങ്ങള്, ട്രേഡിങ് തുടങ്ങിയ മേഖലകളിലാകും ആദ്യഘട്ടത്തില് പെര്മിറ്റ് അനുവദിക്കുക. വൈകാതെ ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഫ്രീസോണ് കമ്പനികള്ക്കുള്ള പെര്മിറ്റിന്റെ വിശദാംശങ്ങളും നിയമത്തില് വ്യക്തമാക്കിയിട്ടുണ്ട്. മെയിന് ലാന്റില് പെര്മിറ്റ് നേടുന്നതിനായി 5000 ദിര്ഹമാണ് ഫീസ് ആയി നല്കേണ്ടതുണ്ട്. ആറുമാസത്തിന് ശേഷം പെര്മിറ്റ് പുതുക്കണം. അപ്പോഴും അയ്യായിരം ദിര്ഹം ഫീസ് ആയി നല്കേണ്ടി വരും.
മെയിന്ലാന്റിലെ പ്രവര്ത്തനങ്ങളില് നിന്നുള്ള വരുമാനത്തിന് 9% കോര്പറേറ്റ് ടാക്സ് ബാധകമാണെന്നും പുതിയ നിയമത്തില് പറയുന്നു. നിലവിലെ ഫ്രീസോണ് ജീവനക്കാരെ ഉപയോഗിച്ച് തന്നെ മെയിന്ലാന്റ് പ്രവര്ത്തനങ്ങള് നടത്താന് സാധിക്കും. ദുബായ് യൂണിഫൈഡ് ലൈസന്സുള്ള കമ്പനികള്ക്ക് 'ഇന്വെസ്റ്റ് ഇന് ദുബായ്' പ്ലാറ്റ്ഫോം വഴി ഓണ്ലൈനായി ഇതിനായി അപേക്ഷിക്കാമെന്നും അധികൃതര് അറിയിച്ചു. പുതിയ തീരുമാനം മത്സരക്ഷമത വര്ധിപ്പിക്കുമെന്നും സാമ്പത്തിക മേഖലയില് വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നുമാണ് വിലയിരുത്തല്.
Content Highlights: UAE makes important announcement, opening up new business opportunities in Dubai