പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വില; ശൈത്യകാല അവധിക്കാലത്ത് 35 ശതമാനം വർദ്ധനയ്ക്ക് സാധ്യത

ഒക്ടോബർ 15 മുതലാണ് ശൈത്യകാല സീസൺ ആരംഭിക്കുക

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത. ശൈത്യകാല അവധി ദിവസങ്ങളിൽ വിമാന ടിക്കറ്റിന് 35 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് യാത്ര വിദ​ഗ്ധർ സൂചിപ്പിക്കുന്നത്. ശൈത്യകാലത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്തകൾക്കിടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ കേരളത്തിലേക്കുള്ള സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സൂചിപ്പിക്കുന്നത്.

'സ്കൂളുകളുടെ ശൈത്യകാല അവധിക്കാലത്ത് സാധാരണയായി വലിയ തിരക്കുണ്ടാകും. ഈ സമയത്ത് ടിക്കറ്റ് നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സീസണിനായി ചില വിമാന സർവീസുകൾ പുനസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ സർവീസുകൾ പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാൽ നിലവിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.; സ്മാർട്ട് ട്രാവൽസിന്റെ ജനറൽ മാനേജരായ സഫീർ മുഹമ്മദ് പറഞ്ഞു.

ഒക്ടോബർ 15 മുതലാണ് ശൈത്യകാല സീസൺ ആരംഭിക്കുക. നിലവിൽ ഡിസംബർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,500 ദിർഹം മുതലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഈ നിരക്കുകൾ 800 ദിർഹം മുതൽ 1,200 ദിർഹം വരെയായിരുന്നു. തിരക്കില്ലാത്ത സീസണിൽ, സാധാരണയായി ഈ ടിക്കറ്റ് നിരക്കുകൾ ഏകദേശം 650 ദിർഹം മുതലാണ് ആരംഭിക്കാറുള്ളത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചത്. എന്നാൽ തീരുമാനം താൽക്കാലികമെന്ന് അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് പിന്നീട് രം​ഗത്തെത്തിയിരുന്നു. തീരുമാനം ഒക്ടോബർ മുതൽ മാർച്ച് വരെ നീളുന്ന വിന്റർ ഷെഡ്യൂളിൽ മാത്രമായിരിക്കും. അതിനുശേഷം സർവീസുകൾ സാധാരണ നിലയിൽ തന്നെ തുടരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ​

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും തിരിച്ചും സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി വിമാന കമ്പനി രം​ഗത്തെത്തിയത്. പിന്നാലെ വിമാന സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വാദം. എങ്കിലും ഇതുവരെയും എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: UAE-Kerala December ticket prices rise by up to 35% over Air India Express flight cuts

To advertise here,contact us