അബുദബയിലെ റിയല് എസ്റ്റേറ്റ് വിപണിയിൽ പുതിയ റെക്കോർഡിട്ട് സാദിയാത്ത് ബീച്ചിലെ ഫോർ സീസൺസ് റെസിഡൻസ്. ഒരു ചതുരശ്ര അടിയ്ക്ക് 14,000 ദിർഹമെന്ന റെക്കോർഡ് വിലയിലാണ് ഈ പെന്റ്ഹൗസ് വിറ്റുപോയത്. അബുദബി ആസ്ഥാനമായുള്ള അൽ ഐൻ നിർമിച്ച 14,240 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വാസസ്ഥലത്തിന് മൊത്തത്തിൽ 200 ദശലക്ഷം ദിർഹത്തിനാണ് വിറ്റഴിച്ചത്. അഞ്ച് കിടപ്പുമുറികൾ, ഒരു സിനിമ തിയേറ്റർ, അടുക്കള, രണ്ട് ലിഫ്റ്റുകൾ, ഓഫീസ് സ്ഥലം, ഫിറ്റ്നസ് സ്റ്റുഡിയോ, സ്പാ സൗകര്യങ്ങൾ എന്നിവ ഈ പെന്റ്ഹൗസിൽ ഉൾപ്പെടുന്നു.
'നിരവധി മാറ്റങ്ങളിലൂടെയാണ് അബുദബി കടന്നുപോകുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായി അബുദബി വളരുകയാണ്. നഗരത്തിന്റെ ആഡംബരവും ലോക പ്രശസ്തവുമായ വില്ലകൾ സ്വന്തമാക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ആഗ്രഹിക്കുന്നു.' അബുദാബി സോത്ത്ബീസ് ഇന്റർനാഷണൽ റിയൽറ്റി മാനേജിംഗ് ഡയറക്ടർ ലീ ബോർഗ് പറഞ്ഞു.
അബുദബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ കണക്കനുസരിച്ച്, 2025-ൽ ഇന്നുവരെ തലസ്ഥാനത്ത് 92 ബില്യൺ ദിർഹത്തിന്റെ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, എമിറേറ്റിന്റെ സുസ്ഥിരത, സംസ്കാരം, ആഗോള ബന്ധങ്ങൾ എന്നിവയിൽ ആകൃഷ്ടരായി അവിടേക്ക് കുടിയേറിയ ശതകോടീശ്വരന്മാരാൽ വിപണി 200 ശതമാനത്തിലധികം വളർച്ച നേടിയെന്നാണ് കണക്കുകൾ.
Content Highlights: 5-bedroom, private cinema penthouse sells for record in Abudhabi