ഓണ്ലൈന് തട്ടിപ്പുകള്ക്കെതിരെ നടപടി ശക്തമാക്കി യുഎഇ ഭരണകൂടം. കുറ്റക്കാര്ക്ക് ഒരു വര്ഷം തടവും പത്ത് ലക്ഷം ദിര്ഹം വരെ പിഴയുമാണു ശിക്ഷ. വര്ദ്ധിച്ചുവരുന്ന ഡിജിറ്റല് തട്ടിപ്പുകള്ക്കെതിരെ ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യല് ഡിപ്പാര്ട്ട്മെന്റ് അറിയിച്ചു.
യുഎഇയില് ഓണ്ലെന് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് ഭരണകൂടം കടക്കുന്നത്. അബുദാബി ജുഡീഷ്യല് ഡിപ്പാര്ട്ട്മെന്റിന്റെ പുതിയ ഉത്തരവ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളില് ഏര്പ്പെടുന്നവര്ക്ക് ഒരു വര്ഷം തടവും രണ്ടര ലക്ഷം മുതല് 10 ലക്ഷം ദിര്ഹം വരെ പിഴയുമാണു ശിക്ഷ. വ്യാജ രേഖകള് ചമച്ചോ, ആള്മാറാട്ടം നടത്തിയോ സ്വത്തോ പണമോ ഔദ്യോഗിക രേഖകളോ കൈവശപ്പെടുത്തുന്നവര്ക്കും സമാന ശിക്ഷ ലഭിക്കും.
ഓരോ കുറ്റത്തിന്റെയും ഗൗരവം അനുസരിച്ചായിരിക്കും ശിക്ഷ നിശ്ചയിക്കുക. ഓണ്ലൈന് പ്ലാറ്റ്ഫോമുകളില് വ്യാജ പേരിലോ വ്യാജ തിരിച്ചറിയല് കാര്ഡോ ഉപയോഗിച്ച് പ്രവേശിക്കുന്നതും ഗുരുതരമായ കുറ്റമാണ്. സമൂഹ മാധ്യമങ്ങളില് ഉള്പ്പെടെ മറ്റുള്ളവരെ ക്കുറിച്ച് മോശം പരാമര്ശനങ്ങളും കമന്റുകളും നടത്തുന്നവരും കടുത്ത നടപടി നേരിടേണ്ടി വരും. വ്യക്തിഗത വിവരങ്ങള് ഹാക്ക് ചെയ്തും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന വലിയ സംഘം പ്രവര്ത്തിക്കുന്നതായാണ് കണ്ടെത്തല്.
വിഡിയോ ചാറ്റിലൂടെയും മറ്റും ചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കൈക്കലാക്കി അതുപയോഗിച്ചു ബ്ലാക്ക് മെയില് ചെയ്ത് പണം തട്ടുന്നവരുമുണ്ട്.ആകര്ഷകമായ വാഗ്ദാനങ്ങള് നല്കി ബാങ്ക് അക്കൗണ്ട് വിവരങ്ങള് ഉള്പ്പെടെ സ്വന്തമാക്കുകയാണ് ചിലരുടെ രീതി. ഇത്തരം തട്ടിപ്പുകള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യല് ഡിപ്പാര്ട്ട്മെന്റ് പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു.
സമൂഹമാധ്യമങ്ങളിലെ വാഗ്ദാനങ്ങളില് ആകൃഷ്ടരാകുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കണം..സംശയാസ്പദമായ ലിങ്കുകളിലോ മെസേജുകളിലോ ക്ലിക്ക് ചെയ്യരുതെന്നും ജുഡീഷ്യല് ഡിപ്പാര്ട്ട്മെന്റിന്റെ മുന്നറിയിപ്പില് പറയുന്നു. ഡിജിറ്റല് തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളില് അവബോധം വളര്ത്തുന്നതിനായി വ്യാപകമായ ബോധവത്ക്കരണ ക്യാമ്പയിനും ജുഡീഷ്യല് ഡിപ്പാര്ട്ട്മെന്റിന്റെ നേതൃത്വത്തില് ആരംഭിച്ചു.
Content Highlights: UAE steps up fight against online scams