ദുബായിലെ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾക്കായി പുതിയ നിയമങ്ങൾ നടപ്പിലാക്കി ദുബായ് മുൻസിപ്പാലിറ്റി. പുതിയ നിയമപ്രകാരം എഞ്ചിനീയറിംഗ് മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് കൃത്യമായ അംഗീകാരവും രജിസ്ട്രേഷനും നിർബന്ധമാണ്.
നിയമാനുസൃതമായ ലൈസൻസ് ഇല്ലാതെ ദുബായിൽ ആർക്കും എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ലെന്ന് നിയമം പറയുന്നു. ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ, മൈനിംഗ്, പെട്രോളിയം, കെമിക്കൽ, കോസ്റ്റൽ, ജിയോളജിക്കൽ എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെയുള്ള എല്ലാ എഞ്ചിനീയറിംഗ് മേഖലകളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു അംഗീകൃത ട്രേഡ് ലൈസൻസും ദുബായ് മുനിസിപ്പാലിറ്റിയിലുള്ള രജിസ്ട്രേഷനുമില്ലാതെ വ്യക്തികളോ ഓഫീസുകളോ സ്വയം എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളായി ചിത്രീകരിക്കുന്നത് ഈ നിയമം വിലക്കുന്നു. ഈ രജിസ്ട്രേഷനിൽ, ഓഫീസിന്റെ ലൈസൻസുള്ള പ്രവർത്തന പരിധി, ക്ലാസിഫിക്കേഷൻ, സാങ്കേതിക ജീവനക്കാർ, മറ്റ് അത്യാവശ്യ വിവരങ്ങൾ ഇതിൽ വിശദമായി നൽകിയിരിക്കണം.
എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾക്ക് അവരുടെ ലൈസൻസുള്ള പ്രവർത്തന പരിധിക്കപ്പുറം പ്രവർത്തിക്കാനോ, രജിസ്റ്റർ ചെയ്യാത്ത എഞ്ചിനീയർമാരെ നിയമിക്കാനോ, അല്ലെങ്കിൽ ദുബായിൽ കൺസൾട്ടൻസി ജോലികൾ ചെയ്യാൻ ലൈസൻസില്ലാത്ത കമ്പനികളുമായി കരാറിൽ ഏർപ്പെടാനോ അനുവാദമില്ലെന്നും നിയമം വ്യക്തമാക്കുന്നു.
Content Highlights: Sheikh Mohammed issues law for engineering consultancies in Dubai